കൊച്ചി: കൊല്ലം – എറണാകുളം റൂട്ടിൽ ഇനി മെമു സർവീസ് വരും. പുനലൂർ – എറണാകുളം മെമു സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജർ, കൊടിക്കുന്നിൽ സുരേഷ് എംപിയ്ക് ഉറപ്പ് നൽകി.
പ്രതിദിന സർവീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം വൻ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. തിരക്ക് മൂലം വേണാട് എക്സ്പ്രസിൽ കഴിഞ്ഞദിവസം യാത്രക്കാരി കുഴഞ്ഞുവീണിരുന്നു . തുടർന്നാണ് ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജറുമായി ഫോണിൽ സംസാരിച്ചത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് എംപി വിഷയത്തിൽ ഇടപെട്ടത്.
പ്രശ്നം പരിഹരിക്കാൻ വേഗത്തിൽ ഇടപെടുമെന്ന് സതേൺ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജർ (സിപിടിഎം) ഉറപ്പ് നൽകി. റെയിൽവേയുടെ ഭാഗത്തുനിന്നും അടിയന്തരമായി അന്വേഷണം നടത്താമെന്നും വേണാടിലെ യാത്രാദുരിതത്തിന് പരിഹാരമായി പുനലൂർ – എറണാകുളം മെമു സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമെന്നും റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജർ പറഞ്ഞു.