സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി.
ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
അതേസമയം കേരളത്തിലും ക്രിസ്മസിനോട് ആഘോഷം പുരോഗമിക്കുകയാണ്. ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്രിസ്മസ് പാതിരാ കുർബാന നടന്നു. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ മൗണ്ട് കാർമൽ കത്തീഡ്രൽ ചർച്ചിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.