പാലാ: കേരള കോൺഗ്രസിലെ ആദ്യകാല സോഷ്യൽ മീഡിയ പ്രവർത്തകരുടെ രഹസൃ സംഗമം പാലായിൽ നടന്നു. ജയകൃഷ്ണൻ പുതിയേടത്ത്, ഡോ. ബിബിൻ, മനോജ് മറ്റമുണ്ടയിൽ, രാജു കുന്നക്കാട്, അജു പനക്കൽ, സിജു എടപ്പാടി, സിറിൽ ചെമ്പനാനിയിൽ, അഗസ്റ്റ്യൻ തേക്കുംകാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. Kerala Congress(M) ex-cyber fighters hold secret meeting at Pala
നാട്ടിലും വിദേശത്തുമുള്ള എത്തിച്ചേരാൻ കഴിയാത്ത നിരവധി വ്യക്തികൾ ഷിന്റോജിന്റെ നേതൃത്വത്തിൽ ഓൺലൈനായും പങ്കെടുത്തു.
ബാർകോഴ വിഷയം ഉണ്ടായപ്പോൾ മുതൽ പാർട്ടിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിക്ക് പ്രതിരോധം തീർക്കുകയും പാർട്ടിക്കായി സൈബർ ഇടങ്ങളിൽ പടപൊരുതുകയും ചെയ്തവരാണ് ഒത്തുചേർന്നത്. പാർട്ടിയുടെ പിളർപ്പുവേളയിലും പാർട്ടിയെ മുന്നണിയിൽ നിന്നു പുറത്താക്കിയപ്പോഴും മുന്നണി മാറ്റസമയത്തും തിരഞ്ഞെടുപ്പ് വേളകളിലും പാർട്ടിക്കായി ചാവേറായി പ്രവർത്തിച്ചവരാണ് സംഗമത്തിൽ പങ്കെടുത്തത്.
പാർട്ടിക്ക് നല്ലകാലമുണ്ടായി, പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഇത്തരം പ്രവർത്തകരെ അവഗണിക്കുന്നതായും പരാതികൾ ശക്തമായി ഉയർന്നു.
പാർട്ടിക്ക് മന്ത്രിയും ചീഫ് വിപ്പും ഉണ്ടായി. അവർക്ക് ഇരുവർക്കുമായി അൻപതിലധികം പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചപ്പോൾ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കായി നിലകൊണ്ടവരെയും സോഷൃൽ മീഡിയകളിലും പടപൊരുതിയവരേയും പരിഗണിക്കാതെ തഴയുകയാണുണ്ടായതെന്ന് അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.
പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ വഞ്ചിച്ചവരും ഒറ്റിയവരുമായ പലരെയുമാണ് അധികാരം ലഭിച്ചപ്പോൾ ഭരണത്തിൽ പങ്കാളികളാക്കിയത്. അത്തരം പ്രവണതകൾ പാർട്ടിക്ക് ഭൂഷണമല്ല എന്നും ചർച്ചയുണ്ടായി. പേഴ്സണൽ സ്റ്റാഫ് അംഗത്വം പെയ്ഡ് പദവിയായി ചിലർ മാറ്റിയെന്നും പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ ഉറച്ചു നിന്നവരെ അവഗണിച്ചുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
കെഎം മാണി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെയും ജോസ് കെ മാണിയെയും കുടുബാംഗങ്ങളെ പോലും സമൂഹമധൃത്തിൽ കേട്ടാൽ അറയ്ക്കുന്ന അശ്ലീല പദങ്ങൾ ഉപയോഗിച്ച് അധിക്ഷേപിച്ച പിസി ജോർജിന്റെ ചാരനുൾപ്പെടെയുള്ള സംഘപരിവാർ മനസ്സുള്ള പലരെയും, ഇന്ന് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്കും അധികാരത്തിന്റെ ഇടനാഴികളിലേക്കും വരവേല്പ് നല്കിയത് പാർട്ടിക്കുവേണ്ടി നിലകൊള്ളുന്ന സാധാരണ പ്രവർത്തകരിൽ കടുത്ത അമർഷം ഉണ്ടാക്കുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിക്ക് എതിരെ നിന്നവരെയും പാർട്ടി പ്രവർത്തകർ അല്ലാത്തവരെയും പേഴ്സണൽ സ്റ്റാഫുകളിൽ നിയമിക്കുക വഴി പാർട്ടി പ്രവർത്തകർക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തി.
കേരളാ കോൺഗ്രസ് എം ന്റെ പ്രവർത്തകർ അല്ലാത്ത പല പാർട്ടികളിൽ മുമ്പ് പ്രവർത്തിച്ചിരുന്നവർ മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും പേഴ്സണൽ സ്റ്റാഫുകളായി മാറിയപ്പോൾ,അവർ പാർട്ടി നേതാക്കന്മാരെയും പാർട്ടി പ്രവർത്തകരെയും അപമാനിച്ചിറക്കി വിടുന്ന സാഹചര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു.
പഴയകാല സോഷ്യൽ മീഡിയ പ്രവർത്തകർ എന്ന നിലയിൽ പാർട്ടിക്ക് പ്രതിരോധം തീർക്കേണ്ടത് തങ്ങളുടെ കടമയാണ് എന്നും ആയതിനാൽ തന്നെ ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുവാൻ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി ഏതറ്റം വരെയും പോകുവാനും തീരുമാനമെടുത്തു.
പാർട്ടിയുടെ പ്രതിസന്ധിഘട്ടത്തിൽ അഭയം നൽകിയ ഇടതുമുന്നണിയെ ഒരിക്കലും തള്ളിപ്പറയുന്നത് ശരിയല്ലെന്നും അത്തരം മനോഭാവക്കാർ യുഡിഎഫിൽ പോകുന്നതാണ് നല്ലത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. എല്ലാകാലത്തും വിറകു വെട്ടുകാരും വെള്ളം കോരികളുമായി കഴിയേണ്ടി വന്നാലും പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് സോഷ്യൽ മീഡിയയിൽ കവചം തീർക്കുമെന്നും, അധികാരമുള്ളപ്പോൾ മാത്രം കടന്നുവന്ന് ഒപ്പം നിന്ന് ചതിക്കുന്നവരിൽ നിന്നും സംരക്ഷണം നൽകുവാനും യോഗത്തിൽ തീരുമാനമെടുത്തതായാണ് വിവരം..
ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പക്ഷം പാർട്ടി ചെയർമാൻ ഒഴികെ ആർക്കും സൈബർ ഇ ടങ്ങളിൽ ഇനി സംരക്ഷണം നൽകേണ്ടതില്ലെന്നും അത്തരം നേതാക്കളുടെ തനിനിറവും കാപട്യവും പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
മുഖ്യ മന്ത്രിയുടെ പാലായിലെ പ്രസംഗത്തിന്റെ പേരിൽ പാർട്ടിയെ പരസ്യമായി പിന്താങ്ങി എന്ന് വരുത്തി തീർത്ത് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന സമീപനം പുലർത്തുന്ന യുഡിഎഫ് നേതാക്കൾ കെഎം മാണിയോട് ചെയ്ത ചതിക്ക് പരിഹാരമാവില്ലെന്നും ഇത് പാർട്ടിയെ ഇടതുമുന്നണിയിൽ നിന്നും അകറ്റുന്നതിനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്നും യോഗം വിലയിരുത്തി. പാർട്ടിക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന കോൺഗ്രസ് നേതാക്കൾ ആദ്യം ചെയ്യേണ്ടത് കെഎം മാണിയോട് ചെയ്തചതിക്ക് പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടതെന്നും സൈബർ നേതാക്കൾ അഭിപ്രായപ്പെട്ടു