കോട്ടയം : തുറവൂർ എരമല്ലൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ-26 ആണ് ദാരുണമായി മരിച്ചനിലയിൽ കണ്ടെത്തിയത്. എരമല്ലൂരിലെ പൊറോട്ട കമ്പനിയ്ക്ക് സമീപത്തുള്ള മുറിയിലാണ് ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അതേസമയം മൃതദേഹത്തിനു സമീപത്തു നിന്നും തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എരമല്ലൂർ ബാറിനു സമീപം പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയിൽ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണൻ . രാത്രി തൊഴിലാളികൾ താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലർച്ചെ വാഹനത്തിൽ പൊറോട്ടയുമായി പോവുകയായിരുന്നു പതിവ്. പുലർച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാളെ കാണാതായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.