മലപ്പുറം : എടപ്പാളിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ ബൈക്കിൽനിന്നു വീണ് യുവാവിന് പരുക്കേറ്റു.
പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് യഥാർഥ പൊലീസാണെന്ന് കരുതി ബൈക്ക് പെട്ടെന്ന് ബ്രെക്ക് ചെയ്തപ്പോഴാണ് യുവാവിന് അപകടം ഉണ്ടായത്. യുവാവിന്‍റെ പരുക്ക് നിസാരമാണ്. ആശുപത്രിയിൽ നിന്നും പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ആണ് അപകടം ഉണ്ടാകുന്നത്. ഷൈൻ ടോം ചാക്കോ പൊലീസ് വേഷത്തിൽ റോഡിൽ നിൽക്കുകയായിരുന്നു. സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തിൽ നിന്നിരുന്നത്. അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.