കൂത്തുപറമ്പ്: ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്.
മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് സ്നേഹ മരിച്ച വിവരം ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. അതേസമയം പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സർജാപുർ പോലീസ് കേസെടുത്തു.
ബെംഗളൂരൂവിലാണ് സ്നേഹ വർഷങ്ങളായി താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ്. മകൻ ശിവാങ്ങും ഇവർക്കൊപ്പമുണ്ട്.
അമിതമായ ഛർദിയെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടർന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്നേഹയുടെ ബന്ധുക്കളെ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ, മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ സർജാപുർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം സ്നേഹയും ഹരിയും തമ്മിൽ ഇടയ്ക്കിടെ വാക്ക് തർക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.