പലതരത്തിലുള്ള അവിശ്വസനീയമായ വാർത്തകൾ സോഷ്യൽ മീഡിയ വഴി നമ്മൾ കാണാറുണ്ട് ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. തൊണ്ടവേദന കാണിക്കാനായി ആശുപത്രിയിൽ എത്തിയതാണ് യുഎസ്സിൽ ഒരു യുവതി എന്നാൽ, അവിടെ നിന്നും ഡോക്ടർ പറഞ്ഞ കാര്യം കേട്ട് ഞെട്ടിയാണ് അവൾ തിരികെ വന്നത്.
അവൾ ഗർഭിണിയാണ്. അതും നാല് കുട്ടികളാണ് ഉദരത്തിലുള്ളത് എന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. യുഎസ്എ ടുഡേയോടാണ് തന്റെ അവിശ്വസനീയമായ അനുഭവം 20 -കാരിയായ കാറ്റലിൻ യേറ്റ്സ് പങ്കുവച്ചത്.
‘തന്നെ ഡോക്ടർ പറ്റിക്കുകയാണ് എന്നാണ് ശെരിക്കും ഞാൻ കരുതിയിരുന്നത് എന്നാണ് കാറ്റലിൻ പറയുന്നത്. തൊണ്ടവേദനയുമായി ചെന്ന കാറ്റലിനോട് ഡോക്ടർ എക്സറേ എടുക്കാൻ ആണ് പഥ്യം പറഞ്ഞത്. അതിന് മുന്നോടിയായി ഗർഭിണിയല്ലല്ലോ എന്നുറപ്പിക്കുന്നതിനായി ഗർഭ പരിശോധനയും നടത്താൻ നിർദ്ദേശിച്ചു. എന്നാൽ, ആ പരിശോധനയുടെ ഫലം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പരിശോധനാഫലം പോസിറ്റീവായി. തന്റെ കാമുകൻ ജൂലിയൻ ബ്യൂക്കറുമായി ആറ് മാസമായി ഡേറ്റിംഗിലായിരുന്നു കാറ്റലിൻ. എന്തായാലും, അപ്രതീക്ഷിതമായി കേട്ട വാർത്ത അവളെ ആകെ അമ്പരപ്പിച്ചു.
മാത്രമല്ല, ഗർഭിണിയായിരിക്കുന്ന സമയത്തെല്ലാം സങ്കീർണമായ അവസ്ഥകളിലൂടെയാണ് അവൾ കടന്നു പോയത്. കരളും വൃക്കയും അടക്കം പ്രശ്നത്തിലായി. ഒടുവിൽ, 29 -ാം ആഴ്ചയിൽ ഒക്ടോബർ 17 -ന്, സ്പ്രിംഗ്ഫീൽഡിലെ HSHS സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ സി സെക്ഷൻ വഴി കാറ്റലിൻ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
ലിസബത്ത് ടെയ്‌ലർ, എലിയറ്റ് റൈക്കർ, മാക്സ് ആഷ്ടൺ, സിയ ഗ്രേസ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. നേരത്തെയായിരുന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെങ്കിലും അവരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് കാറ്റലിൻ പറയുന്നത്. കൂടാതെ കുഞ്ഞുങ്ങളെ വളർത്താൻ ഫണ്ട് കണ്ടെത്തുന്നതിനായി Venmo -യിൽ ഒരു ഫണ്ട് റൈസിംഗ് കാമ്പയിനും ഇവർ തുടങ്ങിയിട്ടുണ്ട്.