കോട്ടയം: മുന്നണി മാറ്റ അഭ്യൂഹത്തിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധി ക്കൊപ്പം വാർത്താസമ്മേളനത്തിൽ ജോസ് കെ മാണി എംപി സജീവമായി പങ്കെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി.
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയങ്ക ഗാന്ധി കേരളത്തിലെ എംപിമാരോടൊപ്പം കേന്ദ്രമന്ത്രി അമിത് ഷായെ സന്ദർശിച്ചത്.പ്രിയങ്ക ഗാന്ധി വിഷയത്തിൽ ഇടപ്പെട്ടതോടെ കേന്ദ്ര നീക്കം ചടുലമാവുകയും ചെയ്തു.വയനാടിന് അർഹമായ സഹായം ലഭ്യമാക്കുമെന്ന സൂചന കേന്ദ്രം നൽകി കഴിഞ്ഞു.
ഹിന്ദിയിലും ഇംഗ്ലീഷിലുമായി പ്രിയങ്ക ഗാന്ധി വാർത്താ ലേഖകരോട് സംസാരിക്കുമ്പോൾ സമീപത്തു തന്നെ ജോസ് കെ മാണി ഇടംപിടിച്ചു. കൊടിക്കുന്നിൽ സുരേഷും കെ സി വേണുഗോപാലും മാത്രമാണ് പ്രിയങ്കക്കൊപ്പം അതേ നിരയിൽ നിലയുറപ്പിച്ച മറ്റ് എംപിമാർ. ഇരുവരും കോൺഗ്രസിന്റെ സീനിയർ എംപിമാരാണ്.യുഡിഎഫിന്റെ ഇതര ഘടകകക്ഷി എംപിമാർ പ്രിയങ്കയ്ക്ക് പിന്നിലാണ് നിന്നത്.
ഇന്ത്യ മുന്നണിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള ജോസ് കെ മാണി വയനാട് ഇലക്ഷനിൽ പ്രിയങ്ക ക്കെതിരെ വേദി പങ്കിട്ടില്ല.കേരളത്തിലെ ഇടതുമുന്നണിയുടെ ഘടകകക്ഷി നേതാവ് എന്ന നിലയിൽ സിപിഐ മത്സരിച്ച വയനാട് ജോസ് കെ മാണി സജീവ സാന്നിധ്യമാകേണ്ടതായിരുന്നു.എന്നാൽ തന്ത്രപൂർവ്വം അതിൽ നിന്നും ഒഴിവായി.അതിൻറെ തുടർച്ചയായാണ് പുതിയ നീക്കത്തെയും കാണുന്നത്.നെഹ്റു കുടുംബവുമായി അടുത്ത ബന്ധത്തിലാണ് മാണി സാറിൻറെ കുടുംബം.കെഎം മാണി അന്തരിച്ചപ്പോൾ രാഹുൽ ഗാന്ധി പാലായിലെ വസതിയിൽ എത്തിയിരുന്നു.
കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വേളയിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ ഫ്രാൻസിസ് ജോർജിനായി വോട്ട് അഭ്യർത്ഥിച്ചില്ല എന്ന വിവാദം ജോസ് കെ മാണി വിഭാഗം ഉയർത്തിയിരുന്നു.തങ്ങളുടെ സ്ഥാനാർഥി തോമസ് ചാഴിക്കാടനായി വോട്ടു തേടുന്നതിന്റെ ഭാഗമാണ് അത്തരത്തിൽ ഒരു സമീപനം രാഹുൽ ഗാന്ധി സ്വീകരിച്ചതെന്നായിരുന്നു പ്രചാരണം.