വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് പ്രതിഷേധം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിക്കുന്നത്. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്.widespread errors in Wayanad landslide rehabilitation list
388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നിൽ സമര സമിതി പ്രതിഷേധിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധക്കാര്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുമായി സംസാരിക്കുകയും പിന്നീട് പ്രതിഷേധത്തിലേക്ക് നീങ്ങുകയുമായിരുന്നു.
സര്‍വ്വകക്ഷിയോഗം വിളിച്ചത് പിന്നെയെന്തിനാണെന്നും ലിസ്റ്റ് തയ്യാറാക്കിയവര്‍ വന്നിട്ട് സംസാരിക്കാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. അതി വൈകാരികമായാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടാണ് ഇവിടെ നില്‍ക്കുന്നതെന്നും ഇതിന് ഉദ്യോഗസ്ഥര്‍ ഉത്തരം പറയണമെന്നും പരാതിക്കാര്‍ പറയുന്നു. ദുരിത ബാധിതരെ ആട്ടിപ്പായിക്കാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ തെരുവിലാണെന്നും പരാതിക്കാര്‍ പറഞ്ഞു.
മാനന്തവാടി സബ് കളക്ടർക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ കടന്നുകൂടി. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.