കോട്ടയം: സ്ത്രീധന മോഹം പെണ്‍കുട്ടികളുടെ ജീവന്‍ എടുക്കുമ്പോള്‍ ‘സ്ത്രീ തന്നെ ധനം’ എന്നത് ഇന്ന് വെറുമൊരു ചൊല്ലായി മാത്രം അവശേഷിക്കുകയാണ്. വിദ്യാസമ്പന്നരുടെ ഇടയിലും സ്ത്രീധന മോഹവും സ്ത്രീധന പീഡനവും ഒട്ടും കുറവല്ല എന്ന് ചൂണ്ടിക്കാട്ടുന്ന സംഭവങ്ങള്‍ അടുത്തയിടെ നിരവധി കേരളത്തില്‍ നടന്നു കഴിഞ്ഞു.When dowry harassment increases in Kerala
ഏറ്റവു ഒടുവിലായി യുവ ഡോക്ടർ ഷഹനയുടെയും കോഴിക്കോട് ഷബ്നയുടെ ആത്മഹത്യകള്‍ ചര്‍ച്ചയാകുമ്പോള്‍ എല്ലാ തവണയും എന്നതുപോലെ സ്ത്രീധനവിരുദ്ധ ആഹ്വാനങ്ങള്‍ക്ക് അപ്പുറം യാതൊരു മാറ്റവും നമ്മുടെ നാട്ടില്‍ സംഭവിക്കുന്നില്ല എന്നതാണ് സത്യം.സ്ത്രീ ധനത്തിനെതിരെ നിയമങ്ങള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇന്നും സ്ത്രീധനം കൊടുക്കാത്തതായിട്ടോ വാങ്ങാത്തവരായിട്ടോ ആരും തന്നെ സമൂഹത്തിലില്ല.
മാത്രമല്ല ജോലി ചെയ്ത് സ്വയം വരുമാനം ഉണ്ടാക്കുന്ന പെണ്‍കുട്ടികള്‍ പോലും സ്ത്രീധന പേടിയില്‍ ആത്മഹത്യ ചെയ്യുന്നു എന്നത് വളരെ നിരാശാജനകമാവുകയാണ്. കാരണം പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെടുമ്പോഴും അപരിഷ്കൃതമായ കാടത്തരം നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരികയാണ്.
അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവര്‍ സ്വന്തം കാര്യത്തില്‍ സ്വാര്‍ത്ഥത കാട്ടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുവ ഡോക്ടറുടെ മരണം. സംഭവത്തിൽ അറസ്റ്റിലായ ഡോ.റുവൈസ് കൊട്ടാരക്കരയിൽ ഡോ. വന്ദന കുത്തേറ്റ് മരിച്ച സമയത്ത് ഡോക്ടർമാരുടെ പ്രതിഷേധങ്ങളിൽ മുൻനിരയിലായിരുന്നു.
അന്ന് പ്രതിഷേധ സമരങ്ങൾക്കിടെ നീതിക്കും മനുഷ്യാവകാശത്തിനുമായി ഘോരഘോരം വാദിക്കുന്ന റുവൈസിന്റെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇതു മാത്രമല്ല, കേരളത്തെ ഞെട്ടിച്ച പല സംഭവങ്ങളിലും പ്രതിഷേധ സമരങ്ങളിൽ മുൻനിരയിൽ റുവൈസുണ്ടായിരുന്നു. ഐഎംഎയുടെ നേതൃത്വത്തിൽ ഈ മാസം 10ന് ആലുവയിൽ നിശ്ചയിച്ചിരിക്കുന്ന ഡോക്ടർമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട സൗണ്ട് ഓഫ് സൈലൻസ് എന്ന പരിപാടിയിലും പ്രാസംഗികരുടെ കൂട്ടത്തിൽ റുവൈസുണ്ട്.
പുറംപൂച്ചു കാട്ടാന്‍ മാത്രം ഇറങ്ങുന്ന ഇത്തരം നാടകക്കാരാണോ ഇന്ന്‍ സമൂഹത്തില്‍ അധികവും?
ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ.റുവൈസിന് വാട്സ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല.
സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കി. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.
അറസ്റ്റിലാകുന്നതിന് മുമ്പ് ഷെഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു.
റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റൂവൈഎസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തി. അവസാന നിമിഷമാണ് റൂവൈസും ബന്ധുക്കളും പിന്മാറിയത്.
റൂവൈസിൻ്റെ അച്ഛനെ കുറിച്ചാണ് മൊഴിയിൽ പ്രത്യേകിച്ച് പറയുന്നത്. റൂവൈഎസും ബന്ധുക്കളും സ്വർണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്.
150 പവന്‍ സ്വര്‍ണം, വസ്തു, ബിഎംഡബ്ല്യൂ കാര്‍ എന്നിങ്ങനെയാണ് വിവാഹം നടത്താനായി സ്ത്രീധനമായി ആവശ്യപ്പെട്ടത്.ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്.
10 വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞതു മുതല്‍ തന്‍റെ മകള്‍ ഭര്‍തൃ വീട്ടില്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ജീവനൊടുക്കിയ ഷബ്നയുടെ ഉമ്മ പറയുന്നു. തിങ്കളാഴ്‌ച രാത്രിയാണ് ഹബീബന്റെ ഭാര്യ ഷെബിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഉമ്മ മുറിയിൽ കയറി വാതിലടച്ചത് അറിയിച്ചിട്ടും തടയാൻ ആരും ശ്രമിച്ചില്ലെന്ന് മകൾ പൊലീസിനോട് പറഞ്ഞു.
ഇന്നുവരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ടാലും പെണ്‍കുട്ടികള്‍ പോലും ഇതിനെതിരെ കാര്യമായി പ്രതികരിക്കുന്നില്ല. വീട്ടുകാരുടെ സപ്പോര്‍ട്ടും അവര്‍ക്ക് പലപ്പോഴും കിട്ടാറില്ല. ജീവന്‍ ഇല്ലാതാകുമ്പോഴാണ് പരാതിയും പ്രതികരണവുമായി മാതാപിതാക്കള്‍ പോലും രംഗത്തെത്തുക.
രണ്ടു വർഷം മുമ്പ് സ്ത്രീധനപീഡനവും അതേത്തുടര്‍ന്നുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ സര്‍വകലാശാലാ തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവും മറ്റും ഉയർന്നു വന്ന സമയത്തായിരുന്നു ഇങ്ങനെയൊരു തീരുമാനം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട് വെച്ച ആശയം പിന്നീട് സംസ്ഥാന സര്‍ക്കാരും പിന്താങ്ങുകയായിരുന്നു. 2021 സെപ്റ്റംബറില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ 386 വിദ്യാര്‍ത്ഥികള്‍ സ്ത്രീധനവിരുദ്ധ സത്യാവാങ്മൂലം നല്‍കിയത് വാര്‍ത്തയായിരുന്നു. ബിരുദദാന ചടങ്ങിലായിരുന്നു വിദ്യാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ മുന്നോട്ട് വെച്ച ഈ നിര്‍ദ്ദേശം ഞങ്ങള്‍ അംഗീകരിക്കുന്നു,’’ എന്നാണ് അന്ന് വൈസ് ചാന്‍സലറായ എംകെ ജയരാജ് പറഞ്ഞത്.
അന്ന് സ്ത്രീധന വിരുദ്ധ നടപടികളുടെ ഭാഗമായി സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യാവാങ്മൂലം നല്‍കണമെന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കാനുള്ള അധികാരത്തെപ്പറ്റിയും സത്യാവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ഇപ്പോഴത്തെ സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ അദ്ദേഹത്തിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യാവാങ്മൂലം വാങ്ങിത്തുടങ്ങിയത്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കോഴ്‌സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് നാണക്കേടാവുകയാണ് സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും. ഏഴു വർഷത്തിനിടെ 92 മരണങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ഗാർഹിക പീഡന പരാതികൾ ഓരോ വർഷവും ആയിരക്കണക്കിനുണ്ട്. ഉത്രയും വിസ്മയയും ഒക്കെ എന്നും കേരളീയരുടെ മനസ്സില്‍ നീറ്റലാണ്.