വയനാട് ; ‘ ഞങ്ങള്‍ അപകടത്തിലാണ്, ചുരല്‍മലയില്‍, ഉരുള്‍ പൊട്ടിയിട്ടുണ്ട്, വെള്ളം പൊങ്ങി വരികയാണ്, ആരെങ്കിലും ഒന്ന് രക്ഷിക്കോ‘ നീതുവിന്റെ ശബ്ദത്തിലൂടെ ഒരു നാട്ടിലെ വൻ ദുരന്തമാണ് പുറത്തറിഞ്ഞത് . വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പുറം ലോകത്തെ ആദ്യം അറിയിച്ചത് നീതു ജോജോ ആയിരുന്നു.wayanad rescue neethu missing
പുലർച്ചെ 1.30-ന് മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. ഡോക്ടർമാരെ ബുക്ക് ചെയ്യാനായി എന്നും രോഗികള്‍ വിളിക്കുമ്ബോള്‍ ഫോണെടുക്കാറുണ്ടായിരുന്ന റിസപ്ഷനിസ്റ്റ് നീതുവായിരുന്നു മറുതലയ്ക്കല്‍. വിറച്ച് വിറച്ച് വാക്കുകള്‍ മുറിഞ്ഞു പോകുന്നതിനിടയില്‍ നീതു പറഞ്ഞൊപ്പിച്ചത് ഇത്രയായിരുന്നു.
ഫോണെടുത്ത രാത്രി ഷിഫ്റ്റിലെ ജോലിക്കാരന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ‘ഓക്കെ, ഓക്കെ എന്തെങ്കിലും ചെയ്യാം’ എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു. വീണ്ടും നീതു വിളിച്ചു. ഇത്തവണ ഫോണെടുത്തത് ഡ്യൂട്ടി മാനേജറാണ്. ‘വീണ്ടും ഉരുള്‍ പൊട്ടിയെന്ന് തോന്നുന്നുണ്ട്. ഞങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ പോലും പറ്റുന്നില്ല. എല്ലാവരും ഇപ്പോള്‍ ഒലിച്ചുപോകും’, നീതു പറഞ്ഞത് ഇത്രമാത്രം.
പിന്നീട് ആശുപത്രിയില്‍നിന്ന് നീതുവിനെ തിരിച്ചുവിളിച്ചു. അപ്പോഴേക്കും പുഴ ഗതി മാറി ഒഴുകി വീടിന് ചുറ്റും വെള്ളം നിറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്താണ് വീടുള്ളതെന്നും അവിടെ നിന്ന് മാറാൻ അതിലും സുരക്ഷിതമായൊരു സ്ഥലമില്ലെന്നും സഹപ്രവർത്തകരോട് നീതു പറയുകയും ചെയ്തു.
അന്ന് രാത്രി നീതു ഫോണ്‍ ചെയ്യുമ്ബോള്‍ അച്ഛനും അമ്മയും അഞ്ച് വയസ്സുള്ള മകനും മാത്രമല്ല കൂടെയുണ്ടായിരുന്നത്. പുഴയ്ക്ക് തൊട്ടരികില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളുമുണ്ടായിരുന്നു. പുഴയിലൂടെ വെള്ളം കുതിച്ചൊഴുകിയപ്പോള്‍ അവരെല്ലാവരും നീതുവിന്റെ വീട്ടില്‍ അഭയം തേടിയതാണ്.
ഇതെല്ലാം നടക്കുമ്ബോള്‍ നീതുവിന്റെ ഭർത്താവ് ജോജോ വി. ജോസഫ് വീടിന് പുറത്തായിരുന്നു. ആദ്യം ഉരുള്‍പൊട്ടിയ മുണ്ടക്കെയില്‍ രക്ഷാപ്രവർത്തനത്തിന് പോകുന്ന സംഘത്തിനൊപ്പമായിരുന്നു. മഴ കനത്തതോടെ ചൂരല്‍മലയിലും അപകടം പതിയിരിപ്പുണ്ടെന്ന് മനസിലാക്കി ജോജോ സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ച് വീട്ടിലെത്തി. കുടുംബത്തെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി
എന്നാല്‍, അതിനിടയില്‍ വെള്ളത്തിന്റെ കുത്തൊഴുക്കിനൊപ്പം വീടിന്റെ അടുക്കള ഒലിച്ചുപോയി. ആ ഒഴുക്കില്‍ നീതുവും അകപ്പെട്ടിരുന്നു . എല്ലാവരേയും രക്ഷിച്ചുകഴിഞ്ഞപ്പോഴാണ് നീതു അക്കൂട്ടത്തിലല്ലെന്ന് ജോജോയ്ക്ക് മനസിലായത്. മകനെ ചേർത്തുപിടിച്ച് വിറങ്ങലിച്ചു നിന്ന ജോജോയുടെ ഉള്ളില്‍ അപ്പോള്‍ ഒരു സങ്കടപ്പെയ്ത്ത് തുടങ്ങിയിരുന്നു. ഇവരുടെ ഏക മകനായ ആറ് വയസുകാരന്‍ പാപ്പി അമ്മ വരുന്നതും കാത്തിരിക്കുകയാണ്.