മുക്കം: വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് യു.ഡി.എഫിന്റെ ആവേശം കൊടുമുടിയിലേറ്റാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുമെത്തും. തിങ്കളാഴ്ച (11/11) രാവിലെ 10.15ന് സുൽത്താൻ ബത്തേരിയിലും വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്കും ഇരുവരും റോഡ് ഷോ നടത്തും.
ഞായറാഴ്ച (10/11) പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ എടവക, 12.50ന് തരുവണ, 1.30ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വെന്നിയോട്, രണ്ടിന് കമ്പളക്കാട് എന്നിവിടങ്ങളിൽ സ്വീകരണങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. വൈകുന്നേരം മൂന്നിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കാട്ടിയിലെ കോർണർ യോഗത്തിൽ സംസാരിക്കും. 4.15ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ചുള്ളിയോട്, 5.10ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വടുവഞ്ചാലിലെ മൂപ്പൈനാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.