മേപ്പാടി (വയനാട്) : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ തകർന്ന കെട്ടിടത്തിനുള്ളിൽ ജീവന്റെ തുടിപ്പെന്ന് സംശയം.
നാലാംദിനം പിന്നിടുമ്പോഴും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അത്തരത്തിലുള്ള പരിശോധനയിൽ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണർത്തുന്ന ഒരു സിഗ്നൽ റഡാറില്‍ ലഭിച്ചു. ശ്വാസമെടുക്കുന്ന പോലുള്ള സിഗ്നലാണ് സ്കാനറിൽ ലഭിച്ചിരിക്കുന്നത്.
മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. കെട്ടിടത്തിന്‍റെ ഉള്ളില്‍ നിന്ന് ജീവന്‍റെ തുടിപ്പ് ഉള്ളതിന്‍റെ സിഗ്നല്‍ ആണ് ലഭിച്ചതെന്നും ഇതിനാലാണ് നിര്‍ണായക പരിശോധനയെന്നുമാണ് അധികൃതര്‍ പറയുന്നത്.
അതേസമയം ജീവനുള്ള വസ്തു എന്തുമാകാമെന്നും പരിശോധനയ്ക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. സിഗ്നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണ ഏജന്‍സിയാണ് പരിശോധന നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ നാലാം ദിനത്തിലെ നിര്‍ണായക ദൗത്യമാണിപ്പോള്‍ നടക്കുന്നത്.
കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന.