മേപ്പാടി: കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയിൽ എങ്ങും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനവിലാപങ്ങൾ. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വളർത്തുകയാണ്.
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 331 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ ഇനിയും എന്ന ഭയവും ഏറുന്നു
ഔദ്യോഗികമായി ഇതുവരെ 199 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 89 പുരുഷന്മാരും 82 സ്ത്രീകളും 28 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 181 മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം കഴിഞ്ഞു. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഓരോ മലയാളിയുടെയും ഹൃദയം തകർത്ത മുണ്ടക്കൈ ദുരന്തത്തിൽ നാലാം ദിനവും തെരച്ചിൽ തുടരുകയാണ്. കരസേന തീർത്ത ബെയ്‌ലി പാലം സജ്ജമായതോടെ ഇന്ന് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു. പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്‌സും ചേർന്ന് കണ്ടെത്തി രക്ഷിച്ചു.
ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.