തിരുവനന്തപുരം: വിഴിഞ്ഞത്തുകാരെ ആദ്യം ആകാംഷയിലും ആശങ്കയിലുമാക്കി വാട്ടര്‍ സ്പൗട്ട് പ്രതിഭാസം.
സാധാരണയായി കൊടുംകാറ്റും മഴയുമുള്ളഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന ഈ പ്രതിഭാസം ഇന്നലെ ആദ്യമായി വിഴിഞ്ഞം തുറമുഖത്തിന് സമീപം പ്രത്യക്ഷപ്പെട്ടത് മത്സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പ് കൂട്ടി
തലനാരിഴക്കായിരുന്നു ഒരു ബോട്ട് ചുഴലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ അന്താരാഷ്ട്ര തുറമുഖത്തിനും മാരിടൈം ബോർഡിൻ്റെ തുറമുഖത്തിനും മധ്യേ തീരത്ത് നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ഉൾക്കടലിലാണ് ആദ്യം ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്.
ജലോപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍പോലെയും തൊട്ടുമുകളില്‍ കുമിളിന്റെ മുകള്‍ഭാഗംപോലുളള മേഘവും കൂടിച്ചേര്‍ന്നുളള രൂപത്തിലാണ് വാട്ടര്‍ സ്പൗട്ട് പ്രത്യക്ഷമായത്. 25 മിനിട്ടോളം നിലനിന്നശേഷം വെളളത്തിന് മുകളില്‍ ആവിപോലെ സഞ്ചരിച്ച് കാണാതായെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് ഒരുമണിക്കൂറോളം ശക്തമായ മഴയുമുണ്ടായി.
അതേസമയം സാധാരണ വെള്ളത്തിന് മുകളിൽ ഉണ്ടാകുന്ന ഈ ചുഴലിക്കാറ്റ് കപ്പലുകൾക്കും ബോട്ടുകൾക്കും അപകടം വരുത്താം.
മേഘങ്ങളോടും ഉയർന്ന കാറ്റിനോടും കൂടിയതാണ് ഇത്തരം പ്രതിഭാസമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.