സുൽത്താൻ ബത്തേരി: നമുക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണമെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ.
ഒളിമ്പിക്സിൽ അയോഗ്യാക്കപ്പെട്ടപ്പോൾ താനും സാധാരണ മനുഷ്യരെപ്പോലെ മുറിയ്ക്കുള്ളിലിരുന്ന് കരഞ്ഞിട്ടുണ്ട്. എന്നാൽ തന്നോട് തന്നെ പോരാടിയാണ് ആ പ്രതിസന്ധിഘട്ടത്തെ മറികടന്നതെന്ന് ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായി വിനേഷ് ഫോഗട്ട് പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെ പരസ്പരം പിന്തുണച്ചുകൊണ്ട് നിലപാടെടുക്കുമ്പോൾ വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിന് നമ്മൾ സ്വയം മറികടക്കുകയും വാശിയോടെ പൊരുതുകയും വേണമെന്നും ഗുസ്തി തരങ്ങൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ഫെഡറഷൻ ചെയർമാൻ ബ്രിജ് ഭൂഷണെതിരായ പ്രതിഷേധ സമരത്തെ പരാമർശിച്ച് വിനേഷ് ഫോഗട്ട് പറഞ്ഞു.
കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളുമായിട്ടാണ് വിനേഷ് ഫോഗട്ടിനെ ക്യാമ്പസിലേക്ക് സ്വീകരിച്ചത്. ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ നടന്ന പ്രതിഷേധത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനാൽ അയോഗ്യയാക്കപ്പെടുകയായിരുന്നു.
2024ൽ ശംഭു അതിർത്തിയിലെ കർഷക പ്രതിഷേധത്തെ പിന്തുണച്ചു. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് എം.എൽ.എയായി.