കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ രൂക്ഷമായ വാദപ്രതിവാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. Verdict on PP Divya’s anticipatory bail plea on 29
നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് പെട്രോൾ പമ്പ് തുടങ്ങുന്ന കാര്യത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീൽ ജോൺ എസ് റാൽഫ്. പെട്രോൾ പമ്പിന്റെ അനുമതിക്കായി ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും അഴിമതിയാണെന്നും ജോൺ എസ് റാൽഫ് പറഞ്ഞു.
എഡിഎം അഴിമതിക്കാരനാണെന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രോസികൃൂഷൻ യാതൊരു തരത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ല. സംഭവം ഗൂഢാലോചനയാണ്. സംഭവം നടന്ന ശേഷം മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ പുറത്തുവിട്ടു. കളക്ടറുടെ മൊഴിപ്രകാരം ദിവ്യയെ പരിപാടിക്ക് വിളിച്ചിട്ടില്ലെന്ന് തന്നെയാണ്.
അവര് വന്ന് ഇറങ്ങിയ ഉടനെ വീഡിയോ പുറത്തുവിടുകയായിരുന്നുവെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീൽ പറഞ്ഞു. കളക്ടറോട് അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ദിവ്യ ഒന്നും പറഞ്ഞിട്ടില്ലെന്നും ജോൺ എസ് റാൽഫ് പറഞ്ഞു.
ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി.
ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്.
മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്.
പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കി.
കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രശാന്തിന്റെ പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. “ഒപ്പിലെ വൈരുദ്ധ്യം പരാതി കെട്ടിച്ചമച്ചതിന് തെളിവാണ്. നവീൻബാബുവിന് എതിരേ ജില്ലാ കളക്ടർക്കും വിജിലൻസിനും ഉള്‍പ്പെടെ പരാതി നല്‍കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അഴിമതി ഉണ്ടായെങ്കില്‍ പരാതി നല്‍കാതെ വ്യക്തിഹത്യ നടത്തുകയാണ് ഉണ്ടായത്.
ഈ പരാതി കെട്ടിച്ചമച്ചത് ദിവ്യയ്ക്ക് പ്രതിരോധം തീർക്കാനാണ്. നന്നായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെയാണ് വ്യക്തിഹത്യനടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എഡിഎമ്മിനോട് എങ്ങനെ സ്ഥലം പരിശോധിക്കണമെന്ന് ഉത്തരവിടാൻ കഴിയും. പെട്രോള്‍ പമ്ബ് ബിനാമി ഇടപാടാണ്. അധികാര പരിധിയില്‍പ്പെടാത്ത കാര്യത്തിലാണ് ദിവ്യ ഇടപെട്ടത്. പ്രശാന്തും ദിവ്യയും തമ്മില്‍ കൂട്ടുകെട്ട് ഉണ്ടെന്നുള്ളത് വ്യക്തമാണ്”.
ഇതെങ്കിലും നടക്കുമോ എന്നാണ് പെട്രോള്‍ പമ്ബിന് എൻഒസി നല്‍കുന്ന കാര്യത്തില്‍ ഇടപെട്ട് ദിവ്യ ചോദിച്ചത്. ഈ പമ്ബുമായി ദിവ്യയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും കുടുംബം കോടതിയില്‍ പറഞ്ഞു.
പി.പി. ദിവ്യ അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന ആളല്ല അഴിമതിക്കാരിയാണ്. പമ്ബിന് അനുമതി നല്‍കണമെന്ന് ദിവ്യ ഫോണില്‍ എ.ഡി.എമ്മിനോട് ആവശ്യപ്പെട്ടു. നിയമം നോക്കി ചെയ്യാം എന്നായിരുന്നു എ.ഡി.എമ്മിന്റെ മറുപടി. പ്രശാന്തനും ദിവ്യയും തമ്മിലുള്ള നെക്സസാണ് അഴിമതി നടത്തിയതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരിധിയിൽ വരുന്നതല്ല.
ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് വൈരാഗ്യം വരാൻ കാരണം. ഉപഹാരം നൽകുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു.
അതിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയിൽ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യത. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്.
ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നിൽ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
നവീന്റെ മകള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാല്‍ ഒരു പരിഗണയും ദിവ്യ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നല്‍കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അതേസമയം കുറേ ഉത്തരവാദിത്വങ്ങളുള്ള പൊതു പ്രവർത്തകയാണ് ദിവ്യയെന്ന് പ്രതിഭാഗത്തിന്റെ വാദം. ആരോപണം ഉയർന്നപ്പോൾ സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. നവീൻ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു.
എഡിഎം പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടി. കളക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. അഴിമതിക്ക് എതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസ നേർന്നു. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോ?
വിജിലൻസ് ഓഫീസർ പ്രശാന്തിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്. നവീൻ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആയിരുന്നില്ല മാർഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. നടന്നത് രഹസ്യയോഗം അല്ല.
താൻ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതിയാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്നെകുറിച്ച് പറയുന്നത് തെറ്റെങ്കിൽ അവിടെ വെച്ച് എതിർക്കാതെ നവീൻ ബാബുവിന് എന്തിനാണ് മിണ്ടാതിരുന്നത്? വിശുദ്ധനെങ്കിൽ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നു.
മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്. താനൊരു സ്ത്രീയാണ്. കുടുംബ ഉത്തരവാദിത്വം ഉണ്ട്. അത് പരിഗണിക്കണം. മുൻകൂർ ജാമ്യം അനുവദിക്കണം. ചെറിയ പെൺകുട്ടിയും രോഗിയായ പിതാവും ഉണ്ട്. ഇവ പരിഗണിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.
അതേസമയം പി പി ദിവ്യയെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ രംഗത്തെത്തി. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി ദിവ്യയെ ക്ഷണിച്ചിട്ടില്ല.
ദിവ്യ വരുന്നതിനെക്കുറിച്ച് അറിഞ്ഞത് എപ്പോഴെന്ന് ഉള്‍പ്പെടെ മൊഴി നല്‍കുന്ന ഘട്ടത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതിയിലും തന്നെ കളക്ടര്‍ ക്ഷണിച്ചെന്ന വാദത്തില്‍ ദിവ്യ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അരുണ്‍ കെ വിജയന്റെ പ്രതികരണം.