ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. എം എന്‍ സോമന്‍ ചെയര്‍മാനും തുഷാര്‍ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയുമാകും. ഡോ: ജി ജയദേവനാണ് ട്രഷറര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഔദ്യോഗിക പക്ഷത്തിന് എതിരില്ല.
Vellapalli Natesan again SN Trust Secretary
കൊല്ലത്ത് മാത്രമാണ് ഒരു എതിര്‍പാനല്‍ മത്സരിക്കാന്‍ തയ്യാറായതെന്നും ഒരു വള്ളപ്പാട് അകലെയാണ് തോറ്റ് പോയതെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. തന്നെ എതിര്‍ക്കുന്നവര്‍ എസ്എന്‍ ട്രസ്റ്റിനായി യാതൊരു സംഭാവനയും ചെയ്തിട്ടില്ല. ട്രസ്റ്റിന്റെ വികസനത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ചിലരാണ് മത്സരിച്ചത്. അരക്കോടിയോളം രൂപ ട്രസ്റ്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ ചെലവായെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മുസ്ലീം ലീഗിനെ പോലുള്ളൊരു വര്‍ഗീയ പാര്‍ട്ടിയുടെ പിറകേ പോവുകയാണ് ഇടതുപക്ഷമെന്ന് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. നവ കേരള യാത്രയില്‍ പോലും മുസ്ലിം ലീഗിനാണ് ഡിമാന്റ്. പശുവിന്റെ കടിയും കാക്കയുടെ വിശപ്പും യാത്രയിലൂടെ തീരും. ലീഗിനെ കൂടെ കൂട്ടാനുള്ള മത്സരമാണ് നടക്കുന്നത്. ഇവരോടെല്ലാം എതിര്‍ത്താണ് ഇടതുപക്ഷം അധികാരത്തില്‍ വന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇടതുപക്ഷം ലീഗിനോട് അടുക്കുന്നത് സാധാരണക്കാരന്‍ ഇഷ്ടപ്പെടുന്നില്ല. അടിസ്ഥാന വര്‍ഗമാണ് ഇടതുസര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനുള്ള വിലപേശലാണ് മുസ്ലിം ലീഗ് നടത്തുന്നത്. കോണ്‍ഗ്രസ് സീറ്റ് കൊടുക്കും. മലബാറില്‍ കോണ്‍ഗ്രസ് ഇല്ലാതാകും. എന്തിനാണ് നാണംകെട്ട് എല്‍ഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.