എഡിജിപിയുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. അവിചാരിതമായാണ് എഡിജിപിയെ കണ്ടതെന്നും അഞ്ചുമിനിറ്റില്‍ താഴെ സമയം മാത്രമാണ് സംസാരിച്ചതെന്നും ആര്‍എസ്എസിന്റെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി വിശദീകരിച്ചു.Vatsan Thillankeri confirmed the meeting with ADGP Ajith Kumar
കൂടിക്കാഴ്ച നടക്കുമ്പോള്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി ബാബു, ആർ എസ് എസ് സംസ്ഥാന സേവാ പ്രമുഖ് എം സി വൽസൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വയനാട് ഉരുള്‍പൊട്ടൽ ഉണ്ടായപ്പോള്‍ സേവന പ്രവര്‍ത്തനത്തിന് വേണ്ടി അവിടെ ഉണ്ടായിരുന്നുവെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. ആ സമയത്ത് എഡിജിപി താമസിച്ചിരുന്ന ഹോട്ടലിൽ മറ്റു നേതാക്കളും ഉണ്ടായിരുന്നു. അവിടെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ് അവിടെ പോയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ നിന്ന് വരുന്ന ആംബുലന്‍സുകള്‍ പൊലീസ് തടഞ്ഞ സംഭവം ഉണ്ടായിരുന്നു.
തുടര്‍ന്നാണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് നാലു മണിക്കൂര്‍ സംസാരിച്ചുവെന്നാണ്. നാലു മിനുട്ട് നേരമാണ് ഈ വിഷയം സംസാരിച്ചത്. ആംബുലന്‍സ് തടയുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്നും വേണ്ട നടപടിയെടുക്കാമെന്ന് എഡിജിപി മറുപടി നല്‍കുകയായിരുന്നുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
അതേസമയം, വത്സൻ തില്ലങ്കേരി എഡിജിപി അജിത്ത് കുമാറുമായി കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് വയനാട് സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. തില്ലങ്കേരി എഡിജിപി അജിത്ത് കുമാറുമായി വയനാട്ടിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് കണ്ടത്. ദുരന്തത്തിനിടെ ഉണ്ടായ ഭക്ഷണ വിവാദത്തില്‍ ഈ കൂടിക്കാഴ്ചക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു.