Wednesday, April 30, 2025
spot_imgspot_img
HomeNewsAutoഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പൂര്‍ണമായി മാറാന്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍,പിന്തുണയ്‌ക്കാൻ ഫോക്‌സ്‌വാഗൺ

ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പൂര്‍ണമായി മാറാന്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍,പിന്തുണയ്‌ക്കാൻ ഫോക്‌സ്‌വാഗൺ

വത്തിക്കാന്‍ സിറ്റി: ലോക രാഷ്ട്രങ്ങളെല്ലാം ഇലക്ട്രിക് ചേക്കേറുന്നതിനിടെ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പൂര്‍ണമായി മാറാനുള്ള ഒരുക്കത്തിലാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ സിറ്റി.

Vatican to fully switch to electric mobility

കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി വത്തിക്കാന്‍ സിറ്റി ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണുമായി നിര്‍ണായക കരാറില്‍ ഒപ്പുവെച്ചു. കരാറിലൂടെ 2030-ഓടെ വത്തിക്കാന്‍ സിറ്റിയിലെ മുഴുവന്‍ വ്യൂഹവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

കാര്‍ബണ്‍ ന്യൂട്രല്‍ ആകാനും പുനരുപയോഗ ഊര്‍ജത്തെ മാത്രം ആശ്രയിക്കാനുമുള്ള ദീര്‍ഘകാല ലക്ഷ്യം കൈവരിക്കുന്നതിന് വത്തിക്കാനെ ഈ ഇലക്ട്രിക് കാറുകള്‍ സഹായിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഒരു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ ഐസി എഞ്ചിനുള്ള പരമ്പരാഗത വാഹനങ്ങളാണ് വത്തിക്കാന്റെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും ഡാര്‍ക്ക് ബ്ലൂ നിറത്തിലുള്ളവയാണ്. വത്തിക്കാന്‍ ഉദ്യോഗസ്ഥരെ റോമിലും മറ്റും നടക്കുന്ന വിവിധ പരിപാടികളിലേക്ക് കൊണ്ടുപോകാന്‍ വിദഗ്ധ ഡ്രൈവര്‍മാരും സേവനത്തിനുണ്ട്. വത്തിക്കാന്‍-ഫോക്‌സ്‌വാഗണ്‍ കരാറിന്റെ സാമ്പത്തിക വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫോക്സ്വാഗണ്‍ ID.3, ID.4 ഇലക്ട്രിക് കാറുകള്‍ ഉപയോഗിച്ച് വത്തിക്കാന്‍ വാഹനങ്ങളുടെ നിര അപ്ഡേറ്റ് ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഈ സുപ്രധാന പദ്ധതിയില്‍ വത്തിക്കാനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇത് ഞങ്ങള്‍ക്ക് വളരെ സവിശേഷമായ ഒന്നാണ്. മൊബിലിറ്റി സൊല്യൂഷനുകളില്‍ ഞങ്ങള്‍ തികച്ചും മത്സരാധിഷ്ഠിതരാണെന്ന് കാണിക്കുന്നു’ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇറ്റാലിയയുടെ സിഇഒ ഡോ മാര്‍ക്കസ് ഒസെഗോവിറ്റ്ഷ് പറഞ്ഞു. ബ്രാന്‍ഡ് അടുത്ത വര്‍ഷം തന്നെ ഇവികളുടെ ഡെലിവറി ആരംഭിക്കും. ആദ്യം 40 ഇലക്ട്രിക് കാറുകള്‍ ആയിരിക്കും കൈമാറുക.

പ്രഖ്യാപനത്തിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ രണ്ട് ID.3 പ്രോ പെര്‍ഫോമന്‍സ് മോഡലുകള്‍ പോപ്പിന് കൈമാറിയിട്ടുണ്ട്. 108 ഏക്കറിലായി പരന്ന് കിടക്കുന്ന വത്തിക്കാനില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇവികളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതിനായി വത്തിക്കാന്‍ ജീവനക്കാര്‍ക്കും ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കും.

അതേസമയം പോപ്പിന്റെ വാഹനം ഒരു ഫോക്‌സ്‌വാഗണ്‍ ഐഡി.3 ഇവിയോ അതോ ഐ.ഡി.4 ഒ ആയിരിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല. എന്തായാലും സമീപഭാവിയില്‍ തന്നെ പോപ്പിന്റെ സഞ്ചാരവും ഇലക്ട്രിക് കാറിലായിരിക്കുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രകള്‍ക്കായി ഇപ്പോള്‍ ഒരു ഫോര്‍ഡ് ഫോക്കസ്, ഫിയറ്റ് 500 എന്നീ കാറുകളാണ് ഉപയോഗിക്കുന്നത്.

മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ബുള്ളറ്റ് പ്രൂഫ് ലിമോസിനുകള്‍ക്ക് പകരം ഈ രണ്ട് മോഡലുകളുടെയും ബേസ് വേരിയന്റുകളാണ് ഫ്രാന്‍സിസ് പാപ്പയുടെ സഞ്ചാരം. എന്നിരുന്നാലും പോപ്പിന്റെ ഔദ്യോഗിക വാഹനം മെഴ്സിഡീസ് ആണ്. ലോകപ്രസിദ്ധമായ ‘പോപ്‌മൊബൈലി’ലും മാര്‍പാപ്പ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 2017-ല്‍ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി പോപ്പിന് ഒരു ഹുറക്കാന്‍ സമ്മാനിച്ചിരുന്നുവെങ്കിലും അത് 6,30,000 യൂറോക്ക് ലേലത്തില്‍ വില്‍ക്കുകയായിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി എപ്പോഴും വാദിക്കാറുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ദുബൈയില്‍ നടക്കുന്ന COP20 മീറ്റിംഗിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. അങ്ങനെ വന്നാല്‍ യുഎന്‍ കാലാവസ്ഥ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ മാര്‍പാപ്പയാകും ഫ്രാന്‍സിസ് പാപ്പ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments