തിരൂർ : ചീറിപ്പാഞ്ഞ് വന്ദേഭാരത് എക്‌സ്‌പ്രസ് വരുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടന്ന വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഞായറാഴ്‌ച വൈകിട്ട് അഞ്ചോടെ തിരൂർ റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.
വന്ദേഭാരത് എക്‌സ്‌പ്രസ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു . ഇതിന് തിരൂരിൽ സ്‌റ്റോപ്പില്ല. ഒറ്റപ്പാലം സ്വദേശിയാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.
നാലാമത്തെ പാളത്തിൽ നിർത്തിയിട്ടിരുന്ന കോച്ചിന്റെ പിന്നിലൂടെ വന്ന് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിൽ ട്രെയിൻ വരുന്നതുകണ്ട ഇയാൾ പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറുകയായിരുന്നു. തിരൂരിൽ സ്‌റ്റോപ്പില്ലാത്തതിനാൽ അതിവേഗത്തിൽ വന്ന ട്രെയിൻ കടന്നുപോയതും ഇയാൾ പ്ലാറ്റുഫോമിലേക്ക് കയറിയതും ഒരുമിച്ചാണ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ശബ്ദമുണ്ടാക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇയാൾക്കെതിരെ റെയിൽവേ സംരക്ഷണ സേന കേസെടുത്തു.