Saturday, January 25, 2025
spot_imgspot_img
HomeNewsതബല മാന്ത്രികന് ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു;അന്ത്യം അമേരിക്കയിൽ ചികിത്സയിലിരിക്കെ

തബല മാന്ത്രികന് ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു;അന്ത്യം അമേരിക്കയിൽ ചികിത്സയിലിരിക്കെ

ന്യൂഡല്‍ഹി: ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട. അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തിൽ നിറഞ്ഞുനിന്ന താള വിസ്മയമാണ് വിടവാങ്ങിയത്. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം.Ustad Zakir Hussain passed away

73 വയസായിരുന്നു. ഉസ്താദിന്‍റെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. സാക്കിര്‍ ഹുസൈൻ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടെ എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും കുടുംബാംഗങ്ങള്‍ അഭ്യർത്ഥിച്ചിരുന്നു. 

സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉൾപ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ, കുടുംബം ഇത് നിഷേധിച്ചു. മരണ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയ സാക്കിർ ഹുസൈന്‍റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും ഇന്നലെ രാത്രി വൈകി അഭ്യർഥിച്ചു.

തുടർന്ന് വാർത്ത വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാർ അടക്കമുള്ള നേതാക്കളും മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ ഒരാളാണ് ഉസ്താദ് സാക്കിർ ഹുസൈൻ. സംഗീത ലോകത്തിലേക്ക് കൈപിടിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖാ ആയിരുന്നു. കേരളത്തോടും ഇവിടുത്തെ താളവാദ്യങ്ങളോടും എന്നും ആത്മബന്ധം പുലർത്തിയിരുന്നു. പല തവണ കേരളം സന്ദർശിച്ചു. 2017 ൽ പെരുവനത്ത്‌ എത്തിയ സക്കീര്‍ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടന്‍ മാരാർ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവർക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു. 

1951ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി.

അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments