ന്യൂയോര്‍ക്ക്:നാലുമാസം മുന്‍പ് യു.എസില്‍ കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍. മംമ്‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി മൃതശരീരം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അറസ്റ്റിലായ നരേഷ് ഭട്ടിനെതിരേ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി.
അതേസമയം, യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണസംഘം കണ്ടെത്തിയത്. മൃതദേഹം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയത്.
മംമ്‌തയെ കഴിഞ്ഞ ജൂലായ് 29നാണ് അവസാനമായി കണ്ടത്. ജോലിക്കെത്താതിരുന്നതോടെ ഓഗസ്റ്റ് അഞ്ചിനാണ് മിസിംഗ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. കൂടാതെ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ നരേഷ് പൊലീസിനോട് പറഞ്ഞത്.
അതേസമയം ഭാര്യ മരിച്ചതിനുശേഷം എത്രനാൾ കഴിഞ്ഞ് വിവാഹം കഴിക്കാം’, ‘ഭാര്യ മരിച്ചാൽ കടങ്ങൾ എന്തുചെയ്യും’, ‘വിർജീനിയയിൽ ഭാര്യയെ കാണാതായാൽ എന്താണ് സംഭവിക്കുക’ എന്നിങ്ങനെയുള്ള കാര്യങ്ങൾ കഴിഞ്ഞ ഏപ്രിലിൽ നരേഷ് ഗൂഗിളിൽ സേർച്ച് ചെയ്തതായി പൊലീസ് പറയുന്നു. ഇയാൾ പ്രാദേശിക വാൾമാർട്ടിൽ നിന്ന് മൂന്ന് കത്തി, ശൂചീകരണ വസ്തുക്കൾ എന്നിവ വാങ്ങിയതായും പൊലീസിന് തെളിവ് ലഭിച്ചു.
നരേഷിന്റെ താമസസ്ഥലത്തുനിന്ന് ഭാര്യയുടെ രക്തത്തിന്റെ ഡിഎൻഎ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്ന പരാതി നൽകാൻ വൈകിയതും പൊലീസിന് നരേഷിനെതിരായി സംശയം ജനിപ്പിച്ചു. മംമ്‌തയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22ന് നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, മംമ്‌ത മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നുമാണ് നരേഷിന്റെ അഭിഭാഷകൻ വാദിക്കുന്നത്.