കൽപറ്റ: ഉരുൾപൊട്ടൽ തകർത്തുകളഞ്ഞ വെള്ളാർമല ജി വി എച്ച് എസ് എസ് സ്കൂളിലെ ഉണ്ണിക്കൃഷ്ണൻ മാഷിന്റെ ഹൃദയം നുറുങ്ങുകയാണ്. 17 വർഷമായി ഈ സ്കൂളിലെ മലയാളം മാഷാണ് ഇദ്ദേഹം. ഈ സ്കൂളിലെ അമ്പതോളം വിദ്യാർത്ഥികളെ നഷ്ടപ്പെട്ടതായാണ് വിവരം. Unnikrishnan mash mourns the loss of students of Vellarmala GVHSS school
കുഞ്ഞുങ്ങളെ മക്കളായി കണ്ട് സ്നേഹിച്ച്, പഠിപ്പിച്ച ഒരു കൂട്ടം അധ്യാപകരാണ്, കണ്ണീരോടെ നെഞ്ചു തകർന്ന് വയനാട്ടിലെത്തിയത്.
“പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടു പോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങള്‍ എന്ത് ചെയ്യാനാ?” നെഞ്ച് പിടഞ്ഞ് ഉണ്ണികൃഷ്മൻ മാഷ് പറയുന്നു.
ഉരുള്‍പൊട്ടലില്‍ ഒരു ഭാഗം തകർന്ന് ചളി കയറി കിടക്കുന്ന സ്‌കൂള്‍ മുറ്റത്തെത്തിയപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയില്‍ അദ്ദേഹം തളർന്നു വീണു. പിന്നെ ഒരു പൊട്ടിക്കരച്ചില്‍, ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നിസ്സഹായരായി.
പ്രകൃതിയോടിണങ്ങി പഠിപ്പിച്ചവരെ തന്നെ പ്രകൃതി കൊണ്ടു പോയി. അത്തരത്തില്‍ ഉണ്ണി മാഷിന്റെ 50 ഓളം വിദ്യാർത്ഥികളെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. ഓരോ ദുരിതാശ്വാസ ക്യാമ്ബുകളും കയറി ഇറങ്ങി തന്റ വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണോയെന്ന് അദ്ദേഹം അന്വേഷിച്ചിരുന്നു. എന്നാല്‍ 50 ഓളം വിദ്യാർത്ഥികളെ മാഷിന് നഷ്ടപ്പെട്ടു.
ചാലിയാർ പുഴയുടെ തീരത്തിരുന്ന് വിദ്യാർത്ഥികള്‍ക്ക് പാഠങ്ങള്‍ പകർന്നു നല്‍കുമ്ബോള്‍ അദ്ദേഹം പറഞ്ഞിരുന്നു, നിങ്ങളെല്ലാം ഭാഗ്യം ചെയ്ത മക്കളാണ്. പ്രകൃതിയോടിണങ്ങി പഠിക്കാൻ നിങ്ങളെ പോലെ മറ്റാർക്കും അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് തകർന്നടിഞ്ഞ വിദ്യാലയ മുറ്റത്തിരുന്ന് അതേ അദ്ധ്യാപകൻ പറഞ്ഞു, മറ്റൊരു അദ്ധ്യാപകനും ഈ ഗതി വരുത്തരുതെന്ന്.
സ്‌കൂള്‍ മാഗസീനുകളില്‍ തങ്ങളുടെ പ്രദേശത്തെ ദുരന്തങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ വിദ്യാർത്ഥികള്‍ പ്രകടിപ്പിച്ചിരുന്നതും ഒരു വിങ്ങലോടെ ഓർത്തെടുത്തു. പുഴയും, മലയും ഒരിക്കലും തങ്ങളെ ചതിക്കില്ലെന്ന് വിചാരിച്ചു. എന്നാല്‍ തെറ്റുപറ്റിയെന്നും ഉണ്ണി മാഷും അദ്ധ്യാപകരും നിറ കണ്ണുകളോടെ പറഞ്ഞു.
ബെഞ്ചുകളും ഡെസ്‌ക്കുകളും കുട്ടികളും ഇല്ല. ഇന്ന് ആ സ്ഥാനത്ത് ക്ലാസ് മുറികളില്‍ കൂട്ട മൃതദേഹങ്ങളാണ്. ഒരു ഉരുളെടുത്തത് മുണ്ടക്കൈ എന്ന ഗ്രാമത്തെയല്ല, നാട്ടുകാരുടെ കൂട്ടായ്മയെയും അവരുടെ ജീവിതത്തെയുമാണെന്ന് വിതുമ്ബലോടെ ഉണ്ണി മാസ്റ്റർ പറഞ്ഞു.
ഉണ്ണിമാഷിന്റെ അതേ മാനസികാവസ്ഥയിലാണ് സ്കൂളിലെ മറ്റധ്യാപകരും. സ്കൂളിനടുത്തൊരു ചെറു കെട്ടിടത്തിൽ തന്നെയായിരുന്നു ഉണ്ണി മാഷിന്റെ താമസം. കുടുംബത്തിലെ ഒരു മരണവാർത്തയറിഞ്ഞ് നാട്ടിൽ പോയ സമയത്താണ് ഉരുൾപൊട്ടിയത്.