Tuesday, November 5, 2024
spot_imgspot_img
HomeNewsKerala Newsഅർജുന്റെ ആത്മാവിനെപോലും വേദനിപ്പിക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയക്കാരോ വര്‍ഗ്ഗീയ വാദികളോ?മനാഫിന് നല്‍കുന്ന നായക പരിവേഷം...

അർജുന്റെ ആത്മാവിനെപോലും വേദനിപ്പിക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയക്കാരോ വര്‍ഗ്ഗീയ വാദികളോ?മനാഫിന് നല്‍കുന്ന നായക പരിവേഷം അദ്ദേഹത്തിന് വിപത്താകുമോ? അര്‍ജുനെ ഞങ്ങള്‍ വല്ലാതെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ മലയാളികള്‍ പലരും ആ കുടുംബത്തെ വേദനിപ്പിക്കുമ്പോള്‍..

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന വേദനാജനകമായ കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിന് പ്രധാന കാരണക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ആ കുടുംബത്തിനെതിരെ അനാവശ്യ കമന്റുകള്‍ കുത്തിനിറയ്ക്കുന്ന മലയാളികള്‍ തന്നെയാണെന്നതാണ് ഖേദകരം.Unnecessary comments on social media against Arjun’s family

അര്‍ജുന്റെ സഹോദരി മീഡിയയ്ക്ക് മുന്നില്‍ വരുന്നതും,ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കൊടുത്തതും പോലും ഇഷ്ടപ്പെടാത്ത മുരടിച്ച മനസ്സുമായി ഏതാനും മലയാളികള്‍ തൊടുത്തുവിട്ട ക്രൂരമ്പുകള്‍ ഒരു ജീവന്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ആ കുടുംബത്തെ വല്ലാതെ നൊമ്പരപ്പെടുത്തി കഴിഞ്ഞു.

അര്‍ജുനെ ഞങ്ങള്‍ വല്ലാതെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ മലയാളികള്‍ തന്നെ പലരും അര്‍ജുന്റെ കുടുംബത്തെ വേദനിപ്പിമ്പോള്‍ ആ സ്നേഹത്തില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്. മകന്‍ മണ്ണിനടിയിലോ പുഴയിലോ എവിടെയാണ് പെട്ടുകിടക്കുന്നതെന്ന അങ്കലാപ്പില്‍ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്ന ഒരമ്മയുടെ മാനസികാവസ്ഥ പോലും മനസ്സിലാക്കാന്‍ പല മലയാളിക്കും കഴിഞ്ഞില്ല.

അവരുടെ നാവില്‍ നിന്നും വീണ ചെറിയ പിഴവ് പോലും സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടാനുള്ള അവസരമായിക്കണ്ട ഏതാനും സംസ്കാര ശൂന്യരായ മലയാളികള്‍ വളരെയേറെ സുമനസ്സുകളുള്ള ഈ കേരളക്കരയെ അക്ഷരാര്‍ത്ഥത്തില്‍ ലജ്ജിപ്പിക്കുകയാണ്. ആ സംസ്ക്കാരശൂന്യരുടെ പൊങ്കാലയാണ് ഇന്ന് അവര്‍ ഈ വേദനകള്‍ക്കിടയിലും കേസിന്റെ വക്കില്‍ എത്താന്‍ പ്രധാന കാരണം.

അര്‍ജുന്റെ ലോറിയുടമ മനാഫിനെതിരെയും കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരെ ആരോ തെറ്റിദ്ധരിപ്പിച്ച് ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും ആരോപണമുണ്ട്. ‘പുരകത്തുമ്പോള്‍ വാഴവെട്ടുന്ന’ ഏര്‍പ്പാട് തുടരുന്നത് രാഷ്ട്രീയക്കാരോ വര്‍ഗ്ഗീയ വാദികളോ എന്നത് മാത്രമാണ് കണ്ടെത്തേണ്ടത്‌.

മാത്രമല്ല മനാഫിന് പരിധിക്കപ്പുറം വാര്‍ത്താപ്രാധാന്യം നല്‍കാന്‍ ശ്രമം നടത്തുന്നതും സ്വീകരണങ്ങളില്‍ ഗാനമേള സംഘടിപ്പിക്കുന്നതും വരെ വിരോധഭാസമായി കാണുന്നവരും കുറവല്ല. മരിച്ച ആളുടെ ദുഖത്തില്‍ പങ്കുചേരുന്നതിനപ്പുറം മനാഫിന് നല്‍കുന്ന നായക പരിവേഷം അദ്ദേഹത്തിന് തന്നെ വിപത്തായി മാറുകയാണെന്നും വിമര്‍ശനമുണ്ട്.

മനാഫിനെ ഇന്ന് മഞ്ചേരിയിൽ ആദരിക്കുന്നുണ്ട്. വൈകീട്ട് 6.30 ന് നടക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് ഗാനമേളയുമുണ്ട്. മരണം ആഘോഷമാക്കുകയാണോ എന്ന ചോദ്യമാണ് ഇതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അതേസമയം തനിക്കെതിരെ അർജുൻ്റെ കുടുംബം നൽകിയ പരാതിയിലും ഉയരുന്ന വിവാദങ്ങളിലും പ്രതികരിച്ച് മനാഫ് രംഗത്തെത്തിയിരുന്നു. അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നാണ് ലോറി ഉടമ മനാഫ് മാധ്യമങ്ങൾക്ക് മുൻപിൽ ഇന്നലെ വ്യക്തമാക്കിയത്.

തൻ്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് മനാഫ് പറ‌ഞ്ഞത്. അർജുൻ്റെ  കുടുംബത്തിന് ഒപ്പമാണ്. അവർക്ക് വിഷമം ഉണ്ടാക്കാനില്ല. ഇന്നത്തോടെ ഈ വിവാദം തീരണമെന്നും മനാഫ് ഇന്നലെ പറഞ്ഞു. 

തൻ്റെ യൂട്യൂബ് ചാനലിൽ അർജുൻ്റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതിൽ പരിഭവം പറഞ്ഞു. ഞാൻ മാറ്റി. അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ ഇല്ല. എന്തെങ്കിലും ഉണ്ടായാൽ, പെട്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു എൻ്റെ മേൽവിലാസം. അത് തന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അർജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ല. 

ആദ്യം അതിൽ 10000 സബ്‌സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. മിഷൻ പൂർത്തിയായൽ ചാനൽ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം കരുതിയത്. അർജ്ജുൻ്റെ കുടുംബം പരാതി ഉന്നയിച്ചതിന് പിന്നാലെ അതിൽ രണ്ടര ലക്ഷം സബ്സ്ക്രൈബർമാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ നിലയിലേക്ക് കൊണ്ടുപോവുകയാണ്.

ആ ചാനൽ നടത്താൻ മറ്റാരെങ്കിലും വരുകയാണെങ്കിൽ കൊടുക്കും. ചാരിറ്റി എന്ന നിലയിൽ അതിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചതെന്നുമാണ് മനാഫ് പങ്കുവെച്ചത്. വിവാദങ്ങളില്‍ കൃത്യമായ വിശദീകരണമാണ് മനാഫ് നടത്തിയത്. 

അര്‍ജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അതുണ്ടായില്ലെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ സമയം വരെ അര്‍ജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അഅങ്ങോട്ടും അവരുടെ കൂടെതന്നെ ആകും. എങ്ങനെ കേസില്‍ കൂടുക്കിയാലും ശിക്ഷിച്ചാലും ഞാന്‍ അവരെക്കൂടെത്തന്നെയാണ്’- മനാഫ് പറഞ്ഞു.

72 ദിവസം കൂടെ നിന്ന മനാഫിനെതിരെ ആ കുടുംബം ആരോപണം ഉന്നയിക്കുന്നതിന് പിന്നിലുള്ള തക്കതായ കാരണം എന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. മനാഫിനെ നായകനായും അര്‍ജുന്റെ കുടുംബത്തെ ക്രൂരതയുടെ പര്യായമായും സോഷ്യല്‍ മീഡിയയില്‍ പലരും വിലയിരുത്തുമ്പോള്‍ ഇതിനു പിന്നിലെ സത്യാവസ്ഥ എന്തായിരിക്കുമെന്ന് പോലും ചിന്തിക്കുന്നുണ്ടാവില്ല.

അർജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി പറയുന്നു. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു.

അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയത്.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു.

അര്‍ജുന്‍റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു.

യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments