വെയിൽസ്: ബ്രിട്ടണിൽ ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. സൌത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും 100 എംഎം മഴയാണ് ചുരുങ്ങിയ സമയത്ത് പെയ്തത്. ജീവന് ആപത്കരമായ സാഹചര്യമാണ് നേരിടുന്നതെന്നാണ് സൌത്ത് വെയിൽസിലെ രക്ഷാപ്രവർത്തകർ പ്രതികരിക്കുന്നത്.
അതേസമയം ഇനിയുള്ള ദിവസങ്ങളിൽ കാലാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ 4 ഇഞ്ചിലേറെ കനത്തില്‍ മഞ്ഞടിഞ്ഞു കഴിഞ്ഞു. ഇപ്പോഴും മഞ്ഞുവീഴ്ച തുടരുന്ന പ്രാദേശങ്ങൾ ഉണ്ട്. സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്‌ലൻഡ് എന്നിവിടങ്ങളില്‍ പൊതുജനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് ഉണ്ട്.
കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ബ്രിട്ടനിൽ പലയിടത്തുമുണ്ടായ പേമാരി പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. വലിയ നാശം വിതച്ച് പേമാരി ഇംഗ്ലണ്ടിന്റെ കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്.
തീരമേഖലകളോട് ചേർന്ന് മണിക്കൂറിൽ 65 മീറ്റർ മുതൽ 75 മീറ്റർ വരെ ശക്തിയിൽ മഴ പെയ്യുമെന്നാണ് സൂചന.
അതേസമയം ഷെഫീൽഡിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിൻ അഞ്ച് മണിക്കൂർ വൈകി. തുടർന്നുള്ള ട്രെയിൻ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. സൌത്ത് വെയിൽസിൽ ടഫ് നദി കര കവിഞ്ഞൊഴുകി. തീരത്തുള്ള വീടുകളിലും വെള്ളം കയറി.