തിരുവനന്തപുരം; കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് പ്രതിഷേധക്കടൽ ആയി. രാവിലെ 10.30 നു മ്യൂസിയം ജംഗ്ഷനിൽ നിന്നും രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ പതിനായിരങ്ങൾ അണി നിരന്നു.
കുത്തകകളിൽനിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേൽ ജി.എസ്. ടി ബാദ്ധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവെച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സമരം ഉദ്ഘാനം ചെയ്ത ഭാരതീയ ഉദ്യോഗ് മണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽഗുപ്ത ആവശ്യപ്പെട്ടു.
രാജ്യത്തെ ചെറുകിട വ്യാപാര മേഖല സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത് . ഒരുവശത്തു ആഭ്യന്തര കുത്തകകൾ റീട്ടയിൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നു മറുവശത്തു ഓൺലൈൻ ഭീമന്മാരുടെ കടന്നുകയറ്റവുമാണ്. ഇതിനൊരു തടയിട്ടില്ലെങ്കിൽ പരമ്പരാഗത വ്യാപാര മേഖല തകർന്നു തരിപ്പിടമാകുമെക്ക് ബാബു ലാൽ ഗുപ്ത വ്യക്തമാക്കി. ലക്ഷക്കണക്കിനാളുകൾ തൊഴിലില്ലാത്തവരായി മാറുന്ന സ്ഥിതിയിലേക്ക് രാജ്യം പോകും. അതോടൊപ്പം കോടിക്കണക്കിനു കുടുംബങ്ങൾ പട്ടിണിയിലാകുന്ന സ്ഥിതിയിലുമാകും.
സർക്കാരിന്റെ കൈത്താങ്ങില്ലാതെ ഈ ഘട്ടത്തിൽ ചെറുകിട വ്യാപാരികൾക്ക് പിടിച്ചുനിൽക്കാനാവില്ല. എന്നാൽ വ്യാപാരികളെ ചേർത്തുപിടിക്കേണ്ടതിനു പകരം അവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെട്ടിട വാടകക്കുമേലുള്ള ജി.എസ്.ടി വ്യാപാരിയുടെ തലയിൽ കെട്ടിവെച്ച നിബന്ധന.
വാണിജ്യ ആവശ്യത്തിനുപയോഗിക്കുന്ന കെട്ടിടങ്ങളിൽനിന്നുള്ള നിന്നുള്ള വാടക റിവേഴ്സ് ചാർജ് മെക്കാനിസത്തിന് കീഴിൽ കൊണ്ടുവരൻ 54-ാമത് ജിഎസ്ടി കൗൺസിൽ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം വാടക കൈപ്പറ്റുന്ന കെട്ടിട ഉടമക്ക് രജിസ്ട്രേഷൻ ഇല്ലെങ്കിലും വ്യാപാരി വാടകക്കുമേൽ 18% ജി.എസ്.ടി അടക്കണം.
ചുരുക്കിപ്പറഞ്ഞാൽ നികുതി അടക്കുവാനുള്ള ബാദ്ധ്യതയും ഇൻവോയ്‌സ് തയ്യാറേക്കേണ്ട ബാധ്യതയും കെട്ടിട ഉടമയിൽ നിന്നും വ്യാപാരിയിലേക്കു കൈമാറ്റപ്പെടുന്ന അവസ്ഥയിലാണ്. ഇത് കാരണം
കേരളത്തിലെ 4 ലക്ഷത്തിനു മുകളിൽവരുന്ന ജി.എസ്.ടി രെജിസ്ട്രേഷൻ ഉള്ള വ്യാപാരികളെ ഇത് വലിയതോതിൽ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.എസ്.ടി നൂലാമാലകളിൽ നിന്ന് രക്ഷപെടാൻ കോംപൗണ്ടിങ് സമ്പ്രദായം തിരഞ്ഞെടുത്തവരും ഇതിൽ നിന്ന് മോചിതരല്ല എന്നത് ഒട്ടും ആശ്വാസകരമല്ല. ചുരുക്കി പറഞ്ഞാൽ ഈ തീരുമാനം കേരളത്തിലെ ചെറുകിട വ്യാപാര മേഖലയെയും ഹോട്ടൽ വ്യവസായികളെയും പ്രതിസന്ധിയിലാക്കും. ഇത് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രെഷറർ ദേവരാജൻ സീനിയർ വൈസ് പ്രസിഡൻറ് കെ. വി. അബ്ദുൽ ഹമീദ് തുടങ്ങി സംസ്ഥാന ഭാരവാഹികളായ സി. ധനീഷ് ചന്ദ്രൻ, വൈ. വിജയൻ, എം. കെ. തോമസ്കുട്ടി, പി. സി. ജേക്കബ്, എ. ജെ. ഷാജഹാൻ, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, , ജോജിന് ടി. ജോയ്, വി. സബിൽ രാജ്, എ. ജെ. റിയാസ്, സലിം രാമനാട്ടുകര, വനിതാ വിങ് സംസ്ഥാന പ്രസിഡൻറ് ശ്രീജ ശിവദാസ് മാർച്ചിനും തുടർന്നുള്ള പ്രധിഷേധ സമ്മേളനത്തിനും നേതൃത്വം നൽകി.