Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsതൃശൂരില്‍ തടി ലോറി കയറി അപകടം; മാഹിയിൽ നിന്ന് മദ്യം വാങ്ങി യാത്രയിലുടനീളം മദ്യപിച്ചു,അപകട സമയത്ത്...

തൃശൂരില്‍ തടി ലോറി കയറി അപകടം; മാഹിയിൽ നിന്ന് മദ്യം വാങ്ങി യാത്രയിലുടനീളം മദ്യപിച്ചു,അപകട സമയത്ത് വണ്ടിയോടിച്ചത് ക്ലീനറെന്ന് സൂചന, ഡ്രൈവറും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Thrissur lorry accident

പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതൽ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍  സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.  മന:പൂർവമായ നരഹത്യയ്ക്കാണ് ആണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു.

ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നും ആര്‍ ഇളങ്കോ പറഞ്ഞു. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

പൊതുവിടങ്ങളിൽ അന്തിയുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും.  അപകടത്തിൽപ്പെട്ട സംഘത്തോട് മാറി താമസിക്കണമെന്ന് പൊലീസ് അറിയിച്ചു എന്നാണ് പ്രാഥമിക നിഗമനമെന്നും ആര്‍ ഇളങ്കോ പറഞ്ഞു. ലോറി കിടന്ന സ്ഥലത്തേക്ക് സിറ്റി പോലീസ് കമ്മീഷണറും സംഘവും എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ലോറി പുറപ്പെട്ടപ്പോൾ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ലോറിയോടിച്ച ക്ലീനർ കണ്ണൂർ സ്വദേശി അലക്സിന് ലൈസൻസില്ല. ഡ്രൈവർ ജോസ് ക്ലീനർ അലക്സിന് വണ്ടി കൈമാറിയത് പൊന്നാനിയിൽ വെച്ചാണ്. അതിനുശേഷമാണ് ഡിവൈഡറും ബാരിക്കേഡും കാണാതെ വാഹനം മുന്നോട്ട് എടുക്കുന്നത്. 50 മീറ്റര്‍ മുന്നോട്ട് വന്നശേഷമാണ് ഉറങ്ങികിടക്കുന്നവര്‍ക്കിടയിലേക്ക് വണ്ടി പാഞ്ഞുകയറിയത്.  അടച്ചിട്ട റോഡിലൂടെ മുന്നോട്ട് നീങ്ങി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു പറഞ്ഞു.

ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യൻ, മുൻ മന്ത്രി വിഎസ് സുനിൽ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. നിർഭാഗ്യകരമായ സംഭവമാണെന്നും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലുള്ള 6 പേരിൽ 2 പേർക്ക് ഗുരുതരമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കമ്മിഷണറും കളക്ടറും റിപ്പോർട്ട്‌ സർക്കാരിന് നൽകി. വണ്ടി ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്.

തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് 5 പേർ മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. 

പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു സർക്കാർ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. കളക്ടർ ഇതിന് നേതൃത്വം നൽകും. സംസ്കാരത്തിന് ഉൾപ്പെടെ സഹായങ്ങൾ നൽകും. മരണപ്പെട്ടവർക്ക്  ധനസഹായം ഉണ്ടാകും. കൂടുതൽ സഹായങ്ങളും പരിഗണിക്കുമെന്നും കെ രാജൻ പറഞ്ഞു.

ഇതിനിടെ, അപകടത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാനും അടിയന്തര നടപടി സ്വീകരിക്കുവാനും ഗതാഗത കമ്മീഷണര്‍ നാഗരാജുവിന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments