കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.Three accused in Kollam Collectorate blast case sentenced to life imprisonment
മധുര സൗത്ത് ഇസ്മയില്‍പുരം സ്ട്രീറ്റ് ഹൗസ് നമ്ബർ 11/23ല്‍ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്ബർ 17ല്‍ ഷംസൂണ്‍ കരിംരാജ, മധുര നോർത്ത് നല്‍പേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്ബർ 23/23ല്‍ ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നുമുതല്‍ മൂന്ന് വരെ പ്രതികള്‍.
8 വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നാലാം പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. പ്രതികള്‍ക്കെതിരെ സംസ്ഥാന സർക്കാർ ഭീകര വിരുദ്ധനിയമം (യു.എ.പി.എ) ചുമത്തിയിരുന്നു.
2016 ജൂണ്‍ 15ന് രാവിലെ 10.15ന് ജില്ലാ ട്രഷറിക്കും മുനിസിഫ് കോടതിക്കും ഇടയില്‍ തൊഴില്‍ വകുപ്പിന്റെ, ഉപയോഗശൂന്യമായി കിടന്ന ജീപ്പിനടിയില്‍ ബോംബ് സ്ഥാപിച്ചായിരുന്നു സ്ഫോടനം.
ഈ സമയം കളക്ടറേറ്റ് വളപ്പില്‍ നില്‍ക്കുകയായിരുന്ന കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീരൊഴുക്കില്‍ സാബുവിന് പരിക്കേറ്റു. ജീപ്പ് തകർന്നു. സ്ഫോടനത്തിന് ഒരാഴ്ച മുമ്ബ് രണ്ടാം പ്രതി കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകർത്തി. സ്ഫോടനദിവസം മധുരയില്‍ നിന്നു ബസില്‍ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി.
ഓട്ടോറിക്ഷയില്‍ കളക്ടറേറ്റിലെത്തി ബോംബ് സ്ഥാപിച്ചു. മൂന്നാംപ്രതി ദാവൂദ് സുലൈമാൻ ആന്ധ്രയിലിരുന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ് ഏറ്റെടുക്കുന്നതായി നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അബ്ബാസ് അലി തന്റെ വീട്ടില്‍ വച്ചാണ് ബോംബ് നിർമ്മിച്ചതെന്നും കണ്ടെത്തി. ഗൂഢാലോചനാക്കുറ്റമാണ് നാലാംപ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്.
കൊല്ലത്തെ സ്ഫോടനത്തിന് മുൻപ് ആഡ്രയിലെ ചിറ്റൂർ, മൈസുരു, നെല്ലൂർ, മലപ്പുറം എന്നീ കോടതി വളപ്പുകളിലും പ്രതികള്‍ സ്ഫോടനം നടത്തി. കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല.
മൈസുരു സ്ഫോടനക്കേസ് അന്വേഷിച്ച എൻ.ഐ.എ ഹൈദരാബാദ് സംഘം 2016 നവംബർ 28നാണ് നാല് പേരെയും പിടികൂടിയത്. സംഭവം നടക്കുമ്ബോള്‍ കൊല്ലം എ.സി.പിയായിരുന്ന ജോർജ്ജ് കോശിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.