തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടും ക്രൂരത. അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
കുഞ്ഞിനെ മുറിവേൽപ്പിച്ചത് അജിത എന്ന ആയയാണ്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനും ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്. ജനനേന്ദ്രിയ ഭാഗത്ത് നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. ഇതിൻ്റെ പേരിൽ കുട്ടിയുടെ ശരീരത്തിൽ നഖം പതിപ്പിച്ച് നുള്ളി മുറിവേൽപ്പിച്ചു. ഒപ്പം മുന്നിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിലും നുള്ളി മുറിവേൽപ്പിച്ചു. മുറിവുകൾ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു.