ഡൽഹി: പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.There is also a leak in the new parliament building
പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും കഴിഞ്ഞയിടയ്ക്ക് വാർത്തയായിരുന്നു.
സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ‘ചോദ്യപേപ്പർ ചോർച്ച പുറത്ത്, വെള്ളം ചോർച്ച അകത്ത്.
പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോർച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്, അതും പണി പൂർത്തിയായി ഒരു വർഷം മാത്രമാകുമ്പോൾ’. ടാഗോർ മാണിക്കം എംപി എക്സിൽ പ്രതികരിച്ചു.
ശതകോടികൾ ചെലവാക്കി ബിജെപി നിർമ്മിച്ച മന്ദിരം ചോർന്നൊലിക്കുന്നതിൽ സമാജ്‍വാദി പാർട്ടി എംപി അഖിലേഷ് യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പാർലമെന്റ് നടപടികൾ പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പഴയ പാർലമെന്റ് മന്ദിരം ഇതിലും നല്ലതായിരുന്നു, എന്തുകൊണ്ട് അങ്ങോട്ട് പൊയ്ക്കൂടാ. ശതകോടികൾ ചെലവിട്ട് നിർമ്മിച്ച പുതിയ പാർലമെന്റിലെ ജലചോർച്ചാ പദ്ധതി അവസാനിക്കുന്നതുവരെയെങ്കിലു അവിടെ തുടരാമല്ലോ’-.
അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ബിജെപി സർക്കാർ പണിത എല്ലാ കെട്ടിടങ്ങളും ചോർന്നൊലിക്കുന്നത് അവരുടെ വളരെ മികച്ച ഡിസൈന്റെ ഭാഗമാണോ എന്നാണ് പൊതുജനം ചോദിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
862 കോടി മുടക്കി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം 2023 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചിരുന്നു.