ന്യൂഡല്‍ഹി:‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി പറഞ്ഞു.The Supreme Court criticized the ‘Bulldozer Raj’
കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. പാർപ്പിടം മൗലികഅവകാശമാണെന്ന് കോടതി ഓർമിപ്പിച്ചു.
സർക്കാരിന് ആരാണ് കുറ്റക്കാരനെന്ന് നിർണയിക്കാൻ കഴിയില്ല. അത്തരം പ്രവർത്തികൾ അധികാര പരിധി ലംഘിക്കുന്നതായിരിക്കും. ഒരു കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ട ആൾക്കെതിരെയും ഇത്തരം നടപടികൾ പാടില്ല. അത്തരം നിയമം കയ്യിലെടുത്താൽ സർക്കാർ കുറ്റകാരനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വീട് പൊളിക്കൽ നടപടിയിലേക്ക് കടക്കുകയാണെങ്കിൽ ഇരകൾക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചു. ഒറ്റ രാത്രികൊണ്ട് പൊളിച്ച ശേഷം സ്ത്രീകളും കുട്ടികളും റോഡിലിറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ല. കാരണം കാണിക്കൽ നോട്ടീസ് ഇല്ലാതെ പൊളിക്കരുത്.
നോട്ടീസ് നൽകിയാൽ 15 ദിവസത്തെ സാവകാശം നൽകണം. പൊളിച്ചുമാറ്റൽ നടപടികളുടെ ദൃശ്യങ്ങൾ പകർത്തണം. ഇത്തരം നിർദേശങ്ങൾ പാലിക്കാതെ പൊളിക്കുന്നത് പ്രോസിക്യൂഷനിലേക്കും നയിക്കുമെന്നും അത്തരം ഉദ്യോഗസ്ഥർ ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.