Friday, April 25, 2025
spot_imgspot_img
HomeViralതൊഴിലുറപ്പ് ജോലിക്കൊപ്പം പഠനം, ഒടുവിൽ റാങ്കോടെ മിന്നും ജയം; അമലുവിന്റെ പെൺകരുത്തിന്റെ വിജയഗാഥ

തൊഴിലുറപ്പ് ജോലിക്കൊപ്പം പഠനം, ഒടുവിൽ റാങ്കോടെ മിന്നും ജയം; അമലുവിന്റെ പെൺകരുത്തിന്റെ വിജയഗാഥ

തൃശ്ശൂർ: ഇത് അമലുവിന്റെ വിജയഗാഥയാണ്. അതേ,അമലുവിനൊപ്പം കാതിൽ ഇളകിച്ചിരിക്കുന്ന ജിമിക്കിക്കമ്മൽ വിലമതിക്കാനാവാത്തൊരു സ്നേഹസമ്മാനമാണ്. എം.എ. സോഷ്യോളജി പരീക്ഷയിൽ മിന്നും ജയം നേടിയതിന് കൂടെപ്പണിയെടുക്കുന്ന തൊഴിലുറപ്പുതൊഴിലാളികൾ കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കി വാങ്ങിനൽകിയതാണ് ആ അരപ്പവൻ പൊന്ന് അവൾക്ക്.The success story of Amalu’s female power

മാള കാർമൽ കോളേജ് വിദ്യാർഥിനിയായിരുന്ന അമലു 85 ശതമാനം മാർക്കുമായി കാലിക്കറ്റ് സർവകലാശാല റാങ്കിങ്ങിൽ എട്ടാം സ്ഥാനമാണ് നേടിയത്.
തൃക്കൂർ പഞ്ചായത്ത് ഒമ്പതാംവാർഡ് വലിയപാറയിൽ വീട്ടിലെ അമലുവിന് ജീവിതവും പഠനവും എന്നും പോരാട്ടമായിരുന്നു. ഏഴാം ക്ലാസ് മുതൽ അമ്മ രാധികയ്ക്കും അച്ഛൻ രാജുവിനും തുണയായി പണിക്കിറങ്ങി. വേനലവധിക്കാലത്ത് അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വീടിനുസമീപത്തുള്ള ചക്കവറവുകേന്ദ്രത്തിലേക്കാണ് അവൾ പോയിരുന്നത്.

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ചക്കച്ചുള വൃത്തിയാക്കിയാൽ 50 രൂപ കൂലി കിട്ടും. ഡിഗ്രിക്കാലത്ത് കൂലി 300 രൂപയായി. കാടുവെട്ടിത്തെളിച്ചും പറമ്പിൽ കിളച്ചും ജീവിതത്തോടു പൊരുതുമ്പോൾതന്നെ പഠനത്തിലും മുന്നേറി.
നല്ല മാർക്കുമായി ബിരുദം കഴിഞ്ഞിരിക്കുമ്പോഴാണ് അമ്മയ്ക്കൊപ്പം തൊഴിലുറപ്പുജോലിക്ക് പോയിത്തുടങ്ങിയത്. കൊറോണക്കാലത്തെ പി.ജി. പഠനം പരീക്ഷണംതന്നെയായിരുന്നു. വീട്ടിൽ ഇന്റർനെറ്റ് റേഞ്ചില്ലാത്തതിനാൽ അടുത്തുള്ള കുന്നിൽ പോയാണ് ക്ലാസുകൾ കേട്ടിരുന്നത്. വീട്ടിലെ അഞ്ചംഗങ്ങൾക്കുമായുള്ള ഒരേയൊരു ഫോണിൽ വല്ലപ്പോഴും കിട്ടിയ ഓൺലൈൻ ക്ലാസിന്റെ ബലത്തിൽ ആദ്യ സെമസ്റ്ററുകളിൽ ഔട്ട് സ്റ്റാൻഡിങ് ഗ്രേഡ് വാങ്ങി.

രണ്ടാംവർഷം കോളേജിൽ പോയിത്തുടങ്ങിയെങ്കിലും അവധിദിവസങ്ങളിൽ തൊഴിലുറപ്പുജോലി മുടക്കിയില്ല. പി.ജി. ഫലം കാത്തിരിക്കേ രണ്ടുമാസം പോലീസ് അക്കാദമിയിൽ തൂപ്പുജോലിയും ചെയ്തു. ഇത്രയൊക്കെ പഠിച്ചിട്ടും ഈ ജോലിക്കുവരാൻ മടിയില്ലേ എന്ന അഭിമുഖത്തിനിടയിലെ ചോദ്യത്തിന് ‘ജീവിതമല്ലേ സാർ, 750 രൂപ ദിവസക്കൂലി വലുതാണ്’ എന്നായിരുന്നു ആ മിടുക്കിയുടെ മറുപടി.
തുടർപഠനമെന്ന സ്വപ്നം മാറ്റിവെച്ച് തൃശ്ശൂർ കോർപറേഷൻ ഒല്ലൂർ സോണൽ ഓഫീസിൽ താത്കാലിക ജോലിക്കു പോകുകയാണ്

ഇപ്പോൾ.തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന അച്ഛന് അസുഖംകാരണം പണിക്കുപോകാനാവില്ല. ആകെയുള്ള സമ്പാദ്യമായ കുഞ്ഞുവീട് ജപ്തിചെയ്യാൻ സഹകരണബാങ്ക് അയച്ച നോട്ടീസ് തലയ്ക്കുമേലെ തൂങ്ങിനിൽപ്പുണ്ട്. ഇപ്പോഴുള്ള ചെറിയവരുമാനം വേണ്ടെന്നുവയ്ക്കാൻ ധൈര്യമില്ലാത്തതിനാൽ കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ ബി.എഡിന് പ്രവേശനം ലഭിച്ചിട്ടും ഉപേക്ഷിച്ചു. കരാട്ടെയിൽ ബ്രൗൺ ബെൽറ്റുണ്ടെങ്കിലും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് പണത്തിൽ തടഞ്ഞുനിന്നു.

അമലുവിന്റെ ജീവിത പോരാട്ടം അവസാനിക്കുന്നില്ല. പെൺമയുടെ കരുത്തായി അമലു ജീവിത യാഥാർത്വൃങ്ങളെ സധൈരൃം നേരിടാൻ ഉറച്ച് തന്നെ!.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments