തിരുവനന്തപുരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാർത്തിയിരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി പിടിയില്‍. എ.ഡി.ജി.പി.The priest who stole the gold ornaments from the idol of the temple was arrested
എം.ആർ.അജിത്കുമാറിന്റെ കുടുംബക്ഷേത്രമായ മണക്കാട് മാരിയമ്മൻ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരി പയറ്റുവിള കോട്ടുകാല്‍ സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണില്‍ പൂന്തുറയിലെ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇതേ പൂജാരിയെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ആ സംഭവത്തില്‍ പ്രതിഷേധങ്ങളെ തുടർന്ന് സി.ഐ.യെ സ്ഥലം മാറ്റിയിരുന്നു.
ഒരുമാസം മുൻപാണ് മണക്കാട് മാരിയമ്മൻ ക്ഷേത്ര ഭാരവാഹികള്‍ മോഷണം കണ്ടെത്തുന്നത്. ക്ഷേത്ര ശ്രീകോവിലിലെ ദേവീ വിഗ്രഹത്തില്‍ ചാർത്തിയിരുന്ന മൂന്ന് പവന്റെ മാല, അഞ്ച് ഗ്രാമിന്റെ ഒരു ജോഡി കമ്മല്‍, മൂന്ന് ഗ്രാമിന്റെ ചന്ദ്രക്കല എന്നിവയാണ് മോഷണം പോയത്. വിഗ്രഹത്തിലുണ്ടായിരുന്ന മാലയുടെ കൊളുത്തുകള്‍ പൊട്ടിക്കിടക്കുന്നത് കണ്ടപ്പോള്‍ കമ്മിറ്റിക്കാർ നടത്തിയ അന്വേഷണത്തില്‍ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.
തുടർന്ന് പൂജാരി അരുണിനെ കമ്മിറ്റിക്കാർ ചോദ്യം ചെയ്തു. പണത്തിന് അത്യാവശ്യം വന്നപ്പോള്‍ എടുത്തതാണെന്നും തിരികെ നല്‍കാമെന്നും പരാതിയാക്കരുതെന്നും അരുണ്‍ അപേക്ഷിച്ചു. ആഭരണങ്ങള്‍ പണയംവെച്ചു എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഇയാള്‍ പൂജക്ക് എത്താതാവുകയും ഫോണ്‍ ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു. തുടർന്നാണ് ശനിയാഴ്ച കമ്മിറ്റിക്കാർ പരാതിയുമായി ഫോർട്ട് പോലീസിനെ സമീപിച്ചത്.
ഞായറാഴ്ച ഫോർട്ട് സ്റ്റേഷൻ എസ്.എച്ച്.ഒ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നാലാഞ്ചിറ ഭാഗത്ത് ഒളിവില്‍കഴിഞ്ഞ ഇയാളെ പിടികൂടുകയായിരുന്നു. ആഭരണങ്ങളില്‍ ചിലത് ചാലയിലെ സ്വർണക്കടയില്‍ വിറ്റതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.