പാലക്കാട്: പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധന കൊണ്ഗ്രസ്സിന് വലിയ ഗുണം ചെയ്യുമെന്ന് മാത്രമല്ല സിപിഎമ്മിനും ബിജെപിക്കും വലിയ തിരിച്ചടിയാവുക തന്നെ ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ആസൂത്രിത തിരക്കഥ പൊളിഞ്ഞതോടെ സ്വയം കുഴിച്ച കുഴിയില്‍ വീണ അവസ്ഥയിലാണ് സിപിഎമ്മും ബിജെപിയും.The police search of the hotel room where Congress women leaders were staying is controversial
രാഹുല്‍ മാങ്കൂട്ടത്തിൽ ജയിക്കുമെന്ന് ഉറപ്പായതോടെയാണ് സിപിഎമ്മും ബിജെപിയും ഇങ്ങനെയൊരു ഗൂഡാലോചന നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടാണ് നീക്കം നടന്നതെന്ന് വ്യക്തമാണ്. കോൺഗ്രസ് ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചതില്‍ തന്നെ ഗൂഡാലോചന വ്യക്തമാണ്.
പരിശോധനയെ കുറിച്ച് പൊലീസ് നൽകിയ വിശദീകരണങ്ങളിൽ അടിമുടി വൈരുധ്യമാണ്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു.
കൃത്യമായ വിവരം കിട്ടിയെന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇലക്ഷന്‍ കമ്മീഷനെപ്പോലും അറിയിക്കാതെയും, വനിതാ പൊലീസ് ഇല്ലാതെയും, ഓടിവന്നത്. എന്നാല്‍ സേര്‍ച്ചിനുശേഷം ഒന്നും കണ്ടെത്തനാവാതെ അവര്‍ ഇളിഭ്യരാവുകയും ചെയ്തു.
റെയ്ഡ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തടഞ്ഞതോടെയാണ്, വനിതാപൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും, ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാനുമൊക്കെ പൊലീസ് തയ്യാറാവുന്നത്. കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയതാണ് വിവാദത്തിന് ഇടയാക്കിയത്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ ഹോട്ടലില്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നുവരെ ആരോപണം ഉയര്‍ന്നു. ആ സമയം കോഴിക്കോട് ആയിരുന്ന രാഹുല്‍ ഫേസ്ബുക്കില്‍ ലൈവിലെത്തി. ഈ ഹോട്ടലില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍ എംപിയും, വി കെ ശ്രീകണ്ഠന്‍ എം പിയും, ജോതികുമാര്‍ ചാമക്കാലയും മുങ്ങിയെന്നും, ഓടി രക്ഷപെട്ടുവെന്നും കള്ളവാര്‍ത്തകള്‍ അടിച്ചിറക്കി. ഇതോടെ ഹോട്ടലില്‍ എത്തി ആ വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് വി കെ ശ്രീകണ്ഠന്‍ ചെയ്ത്.
ഹോട്ടലില്‍ പല പാര്‍ട്ടികളിലുളള രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. എല്ലാം രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും റൂം പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വനിത പൊലീസെത്തിയ ശേഷമാണ് വനിതകള്‍ മാത്രമുള്ള റൂം പരിശോധിച്ചതെന്നും എസ് പി ആര്‍ ആനന്ദ് വിശദീകരിക്കുന്നു.
പാലക്കാട് ഹോട്ടല്‍ റെയ്ഡ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ജില്ലാ കളക്ടര്‍ വിവരമറിഞ്ഞത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കളക്ടറെ 1 മണിക്കാണ് പൊലീസ് വിവരം അറിയിച്ചത്.
അപ്പോഴേക്കും റെയ്ഡ് അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ അപാകതയില്ലെന്നായിരുന്നു പാലക്കാട് ജില്ല കളക്ടര്‍ ഡോ.എസ് ചിത്രയുടെ പ്രതികരണം. പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതില്‍ അപാകതയില്ല. വിവരം കിട്ടിയതും ഉടന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും കളക്ടര്‍ വിശദീകരിക്കുന്നു.
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്ന് വി.ഡി സതീശൻ പറഞ്ഞു. സിപിഐഎം-ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന് വിഡി സതീശൻ പറഞ്ഞു. തിരക്കഥയ്ക്ക് പിന്നിൽ എം ബി രാജേഷും ഭാര്യ സഹോദരനും ബിജെപി നേതാക്കളും ആണെന്ന് വിഡി സതീശൻ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറയ്ക്കാനാണ് റെയ്ഡ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. വനിതാ നേതാക്കളെ അപമാനിക്കാനായിരുന്നു റെയ്ഡ്. വനിത പ്രവർത്തക ഒറ്റയ്ക്ക് താമസിക്കുമ്പോൾ മഫ്തിയിൽ വന്ന് മുറിയിൽ മുട്ടി. എന്ത് അപമാനകരമാണ്. കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസ് ആക്കി.
റെയ്ഡ് പാർട്ടി ചാനൽ എങ്ങനെയാണ് അറിഞ്ഞതെന്ന് വിഡി സതീശൻ ചോദിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അഴിമതിയുടെ പണപ്പെട്ടി ക്ലിഫ് ഹൗസിലാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു. മഫ്തിയിൽ വന്ന പോലീസുകാരന്റെ കയ്യിൽ ഐഡി കാർഡ് പോലും ഇല്ലായിരുന്നു.
പി കെ ശ്രീമതിയുടെ മുറിയിൽ ആരും മുട്ടിയില്ല. എം ബി രാജേഷ് ഒരു നിമിഷം കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് വിഡി സതീശൻ പറഞ്ഞു. രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗുണ്ടാ സംഘത്തിന് കാവൽ നിന്ന ആളാണ് എ എ റഹീമെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപിയെ പേടിച്ച് മുഖ്യമന്ത്രിയുടെ മുട്ട് വിറക്കുന്നുവെന്ന് വിഡി സതീശൻ വിമർശിച്ചു.
അതേസമയം ചൊവ്വാഴ്ച രാത്രി പരിശോധന നടത്തിയ പാലക്കാട് കെപിഎം റീജൻസിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിഐ ആദംഖാൻ്റെ നേതൃത്വത്തിലാണ് പരിശോധന. ട്രോളി ബാഗുമായി ഹോട്ടലിലേയ്ക്ക് ആരെങ്കിലും വരുന്നുണ്ടോ ഏതെങ്കിലും മുറിയിലേയ്ക്ക് കയറുന്നുണ്ടോ എന്നറിയാനാണ് സിസിടിവി പരിശോധന.