മാനന്തവാടി: ഏറ്റുമുട്ടലുണ്ടായ പേര്യ ചപ്പാരത്തേക്ക് അഞ്ചുകിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയും മാവോയിസ്റ്റുകൾ വരുത്തിച്ചതായി റിപ്പോർട്ട്. മേഖല ക്യാമ്പിനു വേണ്ടിയുള്ള ഒരുക്കമായിരുന്നോ എന്നാണ് പൊലീസും വിവിധ അന്വേഷണ ഏജൻസികളും സംശയിക്കുന്നത്. 5 കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ഇങ്ങോട്ടേക്ക് എത്തിച്ചത്.
സന്ദേശവാഹകൻ പിടിയിലായതോടെ യോഗം പൊളിഞ്ഞ സാഹചര്യമാണുള്ളത്. പശ്ചിഘട്ടത്തിലെ പുതിയ നായകൻ എൻകൌണ്ടർ സ്പെഷ്യലിസ്റ്റ് ആണോ എന്നുമുള്ള അന്വേഷണത്തിലാണ് പൊലീസും അന്വേഷണ ഏജൻസികളും.
അതേസമയം മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായ പേര്യ ചപ്പാരത്തെ അനീഷിന്റെ വീട്ടിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി. ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമൻ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡി.ഐ.ജി. പുട്ടവിമലാദിത്യ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പോലീസ് മേധാവി പദംസിങ്, അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജു എന്നിവരാണെത്തിയത്.
വീട് ഇപ്പോഴും പോലീസിന്റെ നിയന്ത്രണത്തിൽത്തന്നെയാണ്. അനീഷും കുടുംബവും സമീപത്തുള്ള തറവാട്ടുവീട്ടിലാണ് കഴിയുന്നത്. ഈ വീട്ടിലും ആളുകൾ വരുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 12.45-ഓടെ എത്തിയ സംഘം മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചു. കുടുംബാംഗങ്ങളിൽനിന്നും സമീപവാസികളിൽനിന്നും ഉദ്യോഗസ്ഥർ വിവരം ചോദിച്ചറിഞ്ഞു. വെടിയേറ്റ പാടുകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പോലീസ് ഓഫീസർമാരെയല്ലാതെ ആരെയും സമീപത്തേക്ക് പ്രവേശിപ്പിച്ചില്ല.
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമാകുകയാണ്.നാൽപത് ദിവസത്തിനിടെ അഞ്ചിടത്താണ് കൊട്ടിയൂർ പേര്യ വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ മാവോയിസ്റ്റുകളെത്തിയത്. കേരള- കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് നീങ്ങാവുന്ന തന്ത്രപ്രധാന വനമേഖലയിലാണ് മാവോയിസ്റ്റുകൾ പതിവായി തമ്പടിക്കുന്നത്.