കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. കണ്ണൂർ ജില്ലയിൽ പര്യടനം തുടരവെ ഇന്നും യൂത്ത് കോൺഗ്രസ്പ്രതിഷേധം തുടരുകയാണ്. ഇന്നലെ പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
The opposition intensified its protest against the state government’s nava Kerala sadas
കണ്ണൂർ കളക്റ്റ്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഇന്നും സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റർ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാർച്ച് തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു.
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ നീക്കം. പ്രവർത്തകർ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയർത്തി. വനിതാ പ്രവർത്തകരടക്കം 50 തോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റുകയായിരുന്നു..
കണ്ണൂർ പഴയങ്ങാടിയിൽ നവ കേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയതിൽ പ്രതിഷേധം കടുക്കുന്നതിനിടെയാണ് കണ്ണൂരിൽ വീണ്ടും സംഘർഷമുണ്ടായത്. പൊലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തരെ ഹെൽമെറ്റും ചെടിച്ചട്ടിയുമടക്കം ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചത്.ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫ് വയർലെസ് വെച്ച് മർദ്ദിച്ചു. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ തലയിൽ രക്തം കട്ടപിടിച്ചു’.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം ഏറ്റതിൽ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയാണ് കോൺഗ്രസ് നേതൃത്വം. സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സിപിഎം അതിക്രമമാണ് പൊലീസ് സ്‌റ്റേഷനിൽ ഉണ്ടായത്.
നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. പഴയങ്ങാടിയിൽ മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായി. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ എഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സംഭവത്തിന് പിന്നാലെ സർക്കാരിന് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തു വന്നു. നവ കേരള സദസിനിടെ പ്രശ്‌നമുണ്ടാക്കാനെത്തുന്നവരെ നിരീക്ഷിക്കാനാണ് സിപിഎം തീരുമാനം. പ്രത്യേക വാളണ്ടിയർമാരെ പാർട്ടി നിയോഗിക്കാനും സാധ്യതയുണ്ട്. പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടുമെന്ന് തന്നെയാണ് തളിപ്പറമ്പിലെ സംഭവം നൽകുന്ന സൂചന.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകരെ നരനായാട്ട് നടത്തി സ്വൈര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പു നൽകി. സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർക്ക് നേരെ കല്യാശ്ശേരിയിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണ്. മുഖ്യമന്ത്രി കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോ?-സുധാകരൻ ചോദിച്ചു.
അധികാരത്തിന്റെ ബലത്തിൽ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകൾക്ക് അത് തണുപ്പിക്കാൻ കോൺഗ്രസിന്റെ പ്രവർത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനം. അങ്ങനെയെങ്കിൽ അത് അനുസരിക്കാൻ ഞങ്ങളും ഒരുക്കമല്ല. അതിനെ ഞങ്ങളും തെരുവിൽ നേരിടും. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേൾക്കാതെ ആഡംബര ബസിൽ ഉല്ലാസയാത്ര നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
എന്നാൽ പഴയങ്ങാടിയിൽ ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ ബസ്സിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐ നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. ഡിവൈഎഫ്ഐ. നടത്തിയത് മാതൃകാ പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപുലമായ ജനാവലിയാണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. ഈ വിജയം കണ്ടതിലുള്ള നൈരാശ്യമാണ് വീണ്ടുവിചാരമില്ലാത്ത പ്രകടനങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം പ്രകടനങ്ങൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. അവസാനിപ്പിക്കണം, ഇതിൽ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ മൂന്ന് വണ്ടി പൊലീസ് നോക്കി നിൽക്കെയാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തക മഹിത പറയുന്നു. ”ഒന്നും ചെയ്യാതെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചപ്പോഴാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.
ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവർത്തകരെ പിടിച്ചു മാറ്റാൻ പൊലീസ് തയാറായില്ല. ലാത്തി കൊണ്ടും ചെടിച്ചട്ടി കൊണ്ടും ഹെൽമെറ്റ് കൊണ്ടുമെല്ലാം മർദിച്ചു. ഹെൽമെറ്റ് കൊണ്ട് അടിക്കുന്നത് തടഞ്ഞപ്പോഴാണ് കൈക്ക് പരിക്ക് പറ്റിയത്. കൂടുതൽ മർദ്ദനമേറ്റ സുധീഷിനെ ജാതിപ്പേര് വിളിച്ച് വരെ അധിക്ഷേപിച്ചു”.
”പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? നിങ്ങൾക്ക് തല്ലാനും കൊല്ലാനും അവകാശമുണ്ട് എന്നാണോ? ഞങ്ങളുടെ കയ്യിൽ കറുത്ത തുണി മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീ എന്ന പരിഗണന തന്നില്ല. കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അവർ ഉപയോഗിച്ചത്. പൊലീസ് വണ്ടിയിൽ കയറ്റിയിട്ടും ഡിവൈഎഫ്‌ഐ പ്രവർത്തകർ വണ്ടിക്കുള്ളിൽ വെച്ചും മർദിച്ചു. അതും പൊലീസ് തടഞ്ഞില്ല”. പൊലീസും തങ്ങളെ തല്ലിയെന്നും മഹിത ആരോപിച്ചു.
അതേ സമയം സർക്കാരിൻ്റെ നവകേരള സദസ്സിനു വേണ്ടി കോൺഗ്രസിനെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ – സി പി എം ഗുണ്ടകളെ സര്ക്കാര്‍ ഇറക്കിയിരിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
ഡിവൈഎഫ്ഐക്കാരനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും രംഗത്ത് വന്നു.
ഇത്രയും ദുഷ്ടനും ക്രൂരനും കണ്ണിൽചോരയില്ലാത്തവനും മനുഷ്യത്വമില്ലാത്തവനുമായ ഭരണാധികാരി കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നമ്പർ വൺ ക്രിമിനലാണ് പിണറായി എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം.
‘വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ പ്രതിയായ ആളാണ് സംസ്ഥാന മുഖ്യമന്ത്രി. ഇയാളിൽനിന്ന് ഇതിനേക്കാൾ മാന്യമായ പ്രതികരണമൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. യാതൊരു ഉത്തരവാദിത്തവും ഉളുപ്പുമില്ലാതെ ഡിവൈഎഫ്ഐക്കാരനെ ന്യായീകരിക്കുകയാണ്. ആക്രമണത്തിന് മുഖ്യമന്ത്രിയുടെ ആഹ്വാനം കൂടിയുണ്ടെന്ന് ഞങ്ങൾ സംശയിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരായി സമരംചെയ്താൽ സമരക്കാരെ കൊല്ലാനുള്ള നിർദ്ദേശം ഡിവൈഎഫ്ഐ. ഗുണ്ടകൾക്ക് കൊടുത്തിരിക്കുകയാണ്. കേരള പൊലീസിന് ആർജവവും അഭിമാനബോധവും ഏതെങ്കിലും തരത്തിൽ നിഷ്പക്ഷത ചമയാൻ ആഗ്രഹവുമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി വധശ്രമത്തിന് കേസെടുക്കണം. മുഖ്യമന്ത്രിയുടെ ആഹ്വാനത്തെത്തുടർന്നാണ് ഡിവൈഎഫ്ഐക്കാരൻ ഈ പേക്കൂത്ത് നടത്തുന്നത്’, രാഹുൽ കൂട്ടിച്ചേർത്തു.
‘എന്നും സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള, എന്നും അക്രമകാരികളെ സംരക്ഷിച്ചിട്ടുള്ള, ഏത് ക്രൂരമായ അക്രമത്തേയും ന്യായീകരിച്ചിട്ടുള്ള, ഒരു തേർഡ് റേറ്റ് കമ്മ്യൂണിസ്റ്റ്’, എന്നായിരുന്നു വി.ടി. ബൽറാമിന്റെ പ്രതികരണം.