തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം. The opposition criticized the left wing regarding the sea plane project.
2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ പോയപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി വരുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന കാലത്ത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. എന്നിട്ട് വിഴിഞ്ഞത്ത് പോയി കപ്പല്‍ നോക്കി ആശ്വാസം കൊള്ളുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണദ്ദേഹം. അന്ന് അത് നടപ്പാക്കാന്‍ സമ്മതിച്ചില്ല.
ഇന്നിപ്പോള്‍ ഒരു നാണവുമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുകയാണ്. മന്ത്രിമാര്‍. കടലില്‍ ഉപരോധമുണ്ടാക്കിയ ആളുകളാണ്. ആയിക്കോട്ടെ. ഓരോരുത്തരുടെ തൊലിക്കട്ടിയെന്നും സതീശന്‍ പരിഹസിച്ചു.
സീ പ്ലെയിന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞ ആളുകളാണ് ഇപ്പോള്‍ അതേ കായലില്‍ സീ പ്ലെയിന്‍ ഇറക്കാന്‍ പോകുന്നത്. എന്തൊരു വിരോധാഭാസമാണിതെന്ന് സതീശന്‍ ചോദിച്ചു.
അതേസമയം സീ പ്ലെയിനിൽ ഇടത് സർക്കാർ മേനിപറയുന്നതു കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.എമ്മുകാർ. പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
മേനിപറയും മുമ്പ് സോറിയാണ് ഇടതുപക്ഷം പറയേണ്ടത്. സിപിഎമ്മിന് ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും? സി പ്ലെയിന് മുമ്പേ എക്സ്പ്രസ് ഹൈവേയേയും സിപിഎം എതിർത്തു. പശുവിനെ എങ്ങനെ അപ്പുറത്തു നിന്നും ഇപ്പുറത്തെത്തിക്കുമെന്നാണ് അന്ന് ചോദിച്ചത്. ഇത്തരം വിഡ്ഡി ചോദ്യങ്ങൾ യുഡിഎഫ് ചോദിക്കാത്തതിനാൽ സർക്കാറിന് മുന്നോട്ടു കൊണ്ടുപോകാനായി. നല്ല കാര്യങ്ങളെ യുഡിഎഫ് എതിർക്കാത്തതു കൊണ്ടാണ് ഈ സർക്കാരിന് അതൊക്കെ നടപ്പാക്കാനാവുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.