പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.The minister said that electricity rates will be increased in the state
ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാവത്തത് തിരിച്ചടിയാണെന്നും ഹൈഡ്രൽ പ്രോജക്റ്റുകൾ പ്രതിഷേധങ്ങൾ കൊണ്ട് നിലച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.