ആലപ്പുഴ: കടബാധ്യതയെ തുടർന്ന് ഒരു കർഷകന്‍കൂടി ആത്മഹത്യചെയ്തതോടെ വീണ്ടും കേരളത്തിലെ കര്‍ഷകരുടെ ദുരിതം ചര്‍ച്ചയാവുകയാണ്. പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിക്കാഞ്ഞതാണ് തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദിന്റ ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യകുറിപ്പില്‍ പറയുന്നത്.
എന്നാല്‍ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ലെന്ന് മന്ത്രി ജിആർ അനിൽ പറയുന്നു. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ല. പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു. സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്പ നൽകാതിരിക്കാൻ ബാങ്ക് ജീവനക്കാർ സ്വീകരിച്ച ഒഴിവുകഴിവാണോ എന്ന് അറിയില്ല. പ്രസാദ് പാട്ടകൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിന് ഒരു നയാപൈസ പോലും കൊടുക്കാൻ ബാക്കിയില്ല എന്ന് കേന്ദ്ര കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു
സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്.
സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുകയും കര്‍ഷകനെ സിബില്‍ റേറ്റിങില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. സിബില്‍ സ്‌കോര്‍ കുറയുന്നതിനാല്‍ ഒരു ബാങ്കില്‍ നിന്നും വായ്പ കിട്ടാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കര്‍ഷകരെ എത്തിച്ചിരിക്കുകയാണ്. കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആറ് മാസമായി കൊടുക്കാത്തത് കൊണ്ടാണ് 80 വയസുള്ള വയോധികമാര്‍ക്ക് അടിമാലിയില്‍ പിച്ചയെടുക്കേണ്ടി വന്നത്. ഇപ്പോള്‍ സി.പി.എം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത് 80 വയസു കഴിഞ്ഞ ഈ പാവം സ്ത്രീകളെയാണ്. ആ അമ്മമാരുടെ വീട് ആക്രമിച്ചെന്ന പരാതി അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ആത്മഹത്യ ഉണ്ടായത് സർക്കാരിന്‍റെ വികലമായ നെല്ല് സംഭരണ രീതി മൂലമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കർഷകന് കൊടുക്കാൻ പണമില്ലാത്ത സർക്കാർ കലാപരിപാടി നടത്താൻ 50 കോടി ചെലവാക്കി. കേന്ദ്രം നൽകുന്നതിന്‍റെ കഷ്ടിച്ച് മൂന്നിലൊന്ന് മാത്രമാണ് കേരളം നൽകുന്നത്. കേന്ദ്രം നൽകുന്ന തുകയ്ക്ക് അനുപാതികമായി കേരള സർക്കാരും തുക വർദ്ധിപ്പിച്ചെങ്കിൽ കർഷകർക്ക് 33 രൂപ ലഭിക്കുമായിരുന്നു.
കേരളത്തിന് ഒരു നയാപൈസ പോലും കൊടുക്കാൻ ബാക്കിയില്ല എന്ന് കേന്ദ്ര കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. ആത്മഹത്യ ചെയ്ത പ്രസാദ് ഞാന്‍ പരാജയപ്പെട്ടു എന്നാണ് ഒരു സുഹൃത്തിനോട് പറഞ്ഞത്. ശരിക്കും പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.
കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചെങ്കിലും പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായത്.
പൊലീസ് പ്രസാദിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കേരള സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പേജുള്ള കുറിപ്പ് ആരംഭിക്കുന്നത്.
താൻ വിയര്‍പ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണമാണ് പി ആര്‍ എസ് വായ്പയായി നല്‍കിയത്. ഈ വായ്പ കുടിശ്ശിക സഹിതം അടയ്‌ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ്. സര്‍ക്കാര്‍ അതില്‍ വീഴ്ച വരുത്തിയതിനാലാണ് പുതിയ വായ്പ ബാങ്കുകള്‍ നല്‍കാത്തത്. ഇതിന്റെ മനോവിഷമം മൂലമാണ് താൻ ജീവനൊടുക്കുന്നത്. അതിനാല്‍ത്തന്നെ തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ് എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
അതേസമയം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആറ് മാസമായി സര്‍ക്കാര്‍ കൊടുക്കാതായി. ഇപ്പോള്‍ സി.പി.എം സൈബര്‍ സെല്ലുകള്‍ ഇവരെ അക്രമിക്കുകയാണ്. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവത്തിൽ, സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി വയോധികരിലൊരാളായ മറിയക്കുട്ടി രംഗത്ത് വന്നു. തനിക്ക് ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന പ്രചരണം തെളിയിക്കാൻ വെല്ലുവിളിച്ചിരിക്കുകയാണ് മറിയക്കുട്ടി. സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞു.
ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും ഇവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്.
അതേസമയം കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗവർണർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ഗവർണർ വ്യക്തമാക്കി. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും അദ്ദേഹം പറഞ്ഞു.