കോട്ടയം: അധികം സംസാരവും അനാവശ്യ വിമര്‍ശനങ്ങളുമില്ലാതെ പിണറായി സര്‍ക്കാരിനെപോലും തിരുത്താന്‍ ശ്രമിച്ചിരുന്ന അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇനി ജനമനസുകളില്‍ കനലോര്‍മ്മയാണ്. സി പി ഐ സംസ്ഥാന സെക്രട്ടറി പദവിയിലെ കരുത്തുറ്റ സാന്നിധ്യമാണ് വിടവാങ്ങുന്നത്. The late CPI state secretary Kanam Rajendran is now in people’s minds
തിരുവനന്തപുരത്ത് പട്ടത്തെ പാര്‍ട്ടി ഓഫീസിൽ പൊതുദര്‍ശനത്തിന് വച്ച ശേഷം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന മുദ്രാവാക്യം വിളികളുടെ ആദരവും അഭിവാദ്യവും സ്നേഹവും ഏറ്റുവാങ്ങി വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ജന്മനാടായ കോട്ടയത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു.
തൊഴിലാളി വര്‍ഗത്തിന്റെ അമരക്കാരനായ അര നൂറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന കാനം രാജേന്ദ്രന് തലസ്ഥാനം ഏറെ വൈകാരികമായ യത്രയയപ്പാണ് നല്‍കിയത്. പ്രിയ നേതാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വഴിയരികിൽ കാത്തുനില്‍ക്കുന്നത്.
വാക്കുകളിലെ മിതത്വമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എന്നാല്‍ ഉറച്ചനിലപാടുകള്‍ വ്യക്തമാക്കുന്ന നേതാവാണെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. തിരുത്തൽ ശക്തിയായി കേരളത്തിലെ സിപിഐയെ നയിച്ച കാനം ഇടത് ഐക്യം തകരാതെ കാക്കാനും ശ്രദ്ധ പുലർത്തി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ വിമത ശബ്ദമായിരുന്നു. മാവോയിസ്റ്റ് വേട്ട അടക്കമുള്ള പല വിഷയങ്ങളിലും സർക്കാരുമായി നേരിട്ട് കൊമ്പ് കോർത്തിട്ടുണ്ട് കാനം രാജേന്ദ്രൻ. മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ.
പക്ഷേ എതിർക്കപ്പെടേണ്ട വിഷയങ്ങളിൽ സിപിഐ കാനം രാജേന്ദ്രനിലൂടെ പാർട്ടിയുടെ നിലപാട് പലപ്പോഴും ഉയർത്തിപ്പിടിച്ചു. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത നിലയിൽ ഒരു പ്രതിപക്ഷ നേതാവിനെ പോലെ കാനം പ്രവർത്തിച്ചു.
കേരളത്തിൽ മാവോയിസ്റ്റ് വേട്ടകൾ തുടരുമ്പോഴും മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയപ്പോഴും പരസ്യമായി എതിർക്കാൻ കാനം രാജേന്ദ്രന് ഒരു മടിയും ഉണ്ടായില്ല. യുഎപിഎ വകുപ്പ് ചുമത്തുന്നതിനെതിരെ പരസ്യമായി സർക്കാരുമായി ഏറ്റുമുട്ടി.
പ്രകാശ് കാരാട്ട് തന്നെ സിപിഐഎം സമ്മേളനത്തിൽ കാനം ഒരു പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നു എന്ന് പറയുന്ന സ്ഥിതി വരെ എത്തി. എന്നാല്‍ എതിർക്കേണ്ട വിഷയങ്ങളിൽ പരസ്യമായ പ്രതികരണം നടത്തുമ്പോഴും മുന്നണിയുടെ കെട്ടുറപ്പിനെ അതൊന്നും ബാധിച്ചില്ല.
ജീവിതത്തിന്റെ ആദ്യാവസാനം മികച്ച ട്രേഡ് യൂണിയനിസ്റ്റായി പ്രവർത്തിച്ച നേതാവായിരുന്നു കാനം രാജേന്ദ്രൻ. അധികാര മോഹം ബാധിക്കാത്ത കാനം രണ്ടു തവണ നിയമസഭാംഗം ആയിരുന്നെങ്കിലും മന്ത്രിസഭയിലെത്തിയില്ല. അന്നെല്ലാം ട്രേഡ് യൂണിയന്റെ മുൻനിര പ്രവർത്തകനായിരുന്ന അദ്ദേഹം സിനിമ പ്രവർത്തകർക്കിടയിലും സംഘടന രൂപീകരിക്കാൻ മുന്നിൽ നിന്നു.
തോട്ടം മാനേജരായിരുന്ന അച്ഛനൊപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കാനം രാജേന്ദ്രൻ വളർന്നത്. പിൽക്കാലത്ത് നിയമസഭയിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യ ബില്ലായി അവതരിപ്പിച്ച കാനം തന്റെ കൂറ് തൊഴിലാളികളോട് തന്നെയെന്ന് അടിവരയിട്ടു.
ഈ ബില്ലിന്റെ ചുവടു പിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽ വന്നത്. നിയമസഭയിൽ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമ നിർമ്മാണ വേളകളിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രൻ ഈ നിലയിൽ ഏറെ ശ്രദ്ധേയനായി.
കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു. യുവജന രംഗത്ത് നിന്ന് നേരിട്ട് തൊഴിലാളി യൂനിയൻ പ്രവർത്തനം തുടങ്ങിയ അദ്ദേഹം 1970ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
സി പി ഐ രാഷ്ട്രീയത്തിലെ അതികായനായിരുന്നു കാനം രാജേന്ദ്രൻ.1950ൽ കോട്ടയം കാനത്താണ് ജനനം. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാനത്തിന്റെ രാഷ്ട്രീയ പ്രവേശം എഐഎസ്എഫിലൂടെയായിരുന്നു.
പാർട്ടി നിർദ്ദേശ പ്രകാരം മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം നടത്തി. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1970 ൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായി. 25-ാം വയസിൽ എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്.
രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്.
1982 ൽ വാഴൂരിൽ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി.
വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം.
ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
കോട്ടയത്ത് സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ.
മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്.
രാത്രി 9 മണിയോടെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം എത്തിക്കും. അവിടെ പൊതുദർശനത്തിന് ശേഷം കാനത്തെ വസതിയിലെത്തിക്കും.
പിൻഗാമിയെക്കുറിച്ചുള്ള അഭിപ്രായവും കൈമാറിയ ശേഷമാണ് കാനം രാജേന്ദ്രൻ വിടവാങ്ങിയത് . ചികിത്സയ്ക്ക് അവധിയെടുക്കുന്ന ഘട്ടത്തിൽ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താൽക്കാലിക ചുമതല കൈമാറാമെന്നായിരുന്നു കാനത്തിന്റെ നിർദ്ദേശം.
ചികിത്സയ്ക്കായി 3 മാസത്തെ അവധി വേണമെന്ന അപേക്ഷയാണ് പാർട്ടി കേന്ദ്രനേതൃത്വത്തിനു കാനം നൽകിയത്. തന്നെ കൂടാതെ കേന്ദ്ര സെക്രട്ടേറിയറ്റിൽ കേരളത്തിൽനിന്നുള്ള രണ്ടാമത്തെ അംഗമായ ബിനോയിയെ ചുമതല ഏൽപിക്കാമെന്നായിരുന്നു നിർദ്ദേശം.
കാനത്തിന്റെ അതിവിശ്വസ്തനായിരുന്നു ബിനോയ് വിശ്വം. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം താൽകാലിക സെക്രട്ടറിയിൽ തീരുമാനം എടുക്കാൻ ഇരിക്കെയാണ് മരണം. താൽക്കാലിക ചുമതലക്കാരനു പകരം ഇനി സിപിഐക്ക് പുതിയ സെക്രട്ടറിയെത്തന്നെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്.
.