കൊച്ചി: കാഫിര്‍ പ്രയോഗം ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധനേടിയ മണ്ഡലമായിരുന്നു വടകര. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വടകരയിലെ കാഫിർ പ്രയോഗം വിവാദമായിതന്നെ നിലനിന്നു.The ‘kafir’ controversy in Vadakara continues unabated
വടകര മണ്ഡലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ’ പ്രയോഗം ഉൾപ്പെടുന്ന സ്‌ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടതു സൈബർ ഗ്രൂപ്പുകളിലെന്ന് പൊലിസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതോടെ ഇടതുപക്ഷം വെട്ടിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വീണ്ടും വിഷയം ചര്ച്ചയായിരിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തലേദിവസമാണ് കാഫിർ പ്രയോഗം സൈബർ ഇടത്തിൽ പ്രചരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമായും ഇടതുപക്ഷ സ്ഥാനാർഥി കെകെ ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു നവമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിച്ചത്. യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്.
എന്നാൽ ഇത് കൃത്രിമമായി നിർമിച്ചതാണെന്നും വിവാദ സ്‌ക്രീൻ ഷോട്ടിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസിം പോലീസിൽ പരാതി നൽകി. എന്നാൽ കാസിമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, കാഫിർ പ്രയോഗവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. യൂത്ത് ലീഗ് നേതാവ് പികെ കാസിമാണ് വിവാദ സന്ദേശത്തിന് പിന്നില്ലെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ അമ്പാടിമുക്ക് സഖാക്കൾ എന്ന് വാട്‌സ് ആപ്പ് ഐഡിയിലാണ് ആദ്യമായി താൻ വിവാദ സന്ദേശം കണ്ടെതെന്ന് മറുവാദമാണ് കാസിം ഉന്നയിക്കുന്നത്. ഇടതുപക്ഷം കൈകാര്യം ചെയ്യുന്ന സൈബർ പേജുകളിൽ നിന്നാണ് വിവാദ സന്ദേശം വന്നതെന്നാണ് യുഡിഎഫും ആരോപിക്കുന്നത്.
സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക ഉൾപ്പടെയുള്ളവർ ഇടതുപക്ഷത്തിനെതിരെ യുഡിഎഫ് നടത്തുന്ന വർഗീയ പ്രചാരണം എന്ന തരത്തിൽ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തു.
ഇതോടെ യുഡിഎഫ് നേതാക്കൾ എൽഡിഎഫിനെതിരെ രംഗത്ത് വന്നു.ഇതിനിടെ പോസ്റ്റ് വ്യാജമാണെന്നും പികെ കാസിമല്ല വിവാദ സന്ദേശത്തിന് പിന്നില്ലെന്നും പേലീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ വിവാദ സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണ് പോലീസ് വെളുപ്പെടുത്തിയില്ല.
ചൊവ്വാഴ്ച ഹൈക്കോടതിയിലാണ് പോലീസ് നിർണായക വിവരങ്ങൾ വെളുപ്പെടുത്തിയത്.ഏപ്രിൽ 25ന് 2.34നാണ് ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ അമൽറാം എന്ന സി.പി.എം പ്രവർത്തകൻ ഇതു പോസ്റ്റ് ചെയ്തത്. 2.13ന് ‘റെഡ് എൻകൗണ്ടർ’ എന്ന മറ്റൊരു സി.പി.എം അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എം പ്രവർത്തകനായ റിബേഷ് പോസ്റ്റ് ചെയ്ത സന്ദേശം അമൽറാം ഷെയർ ചെയ്യുകയായിരുന്നു.
രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. എന്നാൽ എവിടെ നിന്നാണ് പോസ്റ്റ് ലഭിച്ചത് എന്നതിനെപ്പറ്റി പറയാൻ ആദ്യം പോസ്റ്റ് ചെയ്ത റിബീഷ് തയാറായില്ല എന്നാണു പൊലിസ് റിപ്പോർട്ടിലുള്ളത്. റിബീഷിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിബീഷിനെയും ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്. ഏതോ വാട്സ് ആപ്പ് ഗ്രൂപ്പിൽനിന്നാണ് ഇതു കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി.
എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹി തിരുവള്ളൂരിലെ പി.കെ മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു സ്‌ക്രീൻ ഷോട്ട് പ്രചരിച്ചത്. ഖാസിമിനെതിരേ വടകര പൊലിസ് സ്റ്റേഷനിൽ സി.പി.എം പരാതി നൽകിയിരുന്നു.
എന്നാൽ ഖാസിം നിരപരാധിയാണെന്ന് പൊലിസ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഖാസിം നൽകിയ ഹരജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലിസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നു. ഭീകര പ്രവർത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നിൽ ആരെന്ന് പൊലീസിന് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു.
ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിൻറെ നടപടിയാണ് കാഫിർ സ്‌ക്രീൻ ഷോട്ടിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു.
മുൻ എംഎൽഎ കെകെ ലതിക ഉൾപ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നിൽ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. അതിനിടെ സിപിഎം മുൻ എംഎൽ കെ കെ ലതികയെ തള്ളി കെ കെ ശൈലജ എംഎൽഎ രംഗത്തെത്തി.
കാഫിർ സ്‌ക്രീൻ ഷോട്ട് കെ കെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് ശൈലജ പറഞ്ഞു. സ്‌ക്രീൻഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെ കെ ലതികയുടെ മറുപടിയെന്നും കെ കെ ശൈലജ പറഞ്ഞു.
വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.
നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കാന്‍ സിപിഎമ്മും പോലീസും ശ്രമിച്ചാല്‍ നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റവരെയും പോകാന്‍ കോണ്‍ഗ്രസിന് മടിയില്ല.നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.
എന്നാൽ ‘കാഫിർ’ പോസ്റ്റിനു പിന്നിൽ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇടതു ഗ്രൂപ്പുകൾ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് പൊലീസ് റിപ്പോർട്ട് മാധ്യമങ്ങളിൽ കണ്ടു. അന്വേഷണ റിപ്പോർട്ട് വരട്ടെ. അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.
വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ് പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല.
സിപിഎം.പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സ്ക്രീൻഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാർക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു