തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.
The investigation officer is now fully responsible for those who call the station
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 10 വര്‍ഷംമുമ്ബ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കുന്ന നോട്ടീസിന് കൈപ്പറ്റ് രസീത് വാങ്ങണം.
പുതിയ സര്‍ക്കുലര്‍ പ്രകാരം സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണസുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്വമായി. ക്രിമിനല്‍ നടപടി ചട്ടപ്രകാരം കോടതി അനുമതിയില്ലാതെ അറസ്റ്റുചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. ഇതുമായിബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2011ല്‍ സംസ്ഥാന പൊലീസ് പുറപ്പെടുവിച്ചിരുന്നു.
അതിനുശേഷം ഡല്‍ഹി ഹൈകോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍വന്ന വിവിധ കേസുകളുടെ വിധിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കുലര്‍ ഇറക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് അറസ്റ്റ്, ചോദ്യം ചെയ്യല്‍, അന്വേഷണത്തിന്‍റെ ഭാഗമായി രേഖകള്‍ ഹാജരാക്കല്‍, സാക്ഷിയായി വിളിപ്പിക്കല്‍ എന്നിവക്ക് പ്രത്യേക മാതൃകയിലുള്ള നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ത്തന്നെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍വഹിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.എച്ച്.ഒക്ക് നല്‍കുന്ന ബുക്ക്‌ലെറ്റുകള്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം മൂന്നുവര്‍ഷം വരെ സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു രേഖപ്പെടുത്താനുണ്ടെങ്കില്‍ അയാള്‍ക്ക് നോട്ടീസ് നല്‍കി ഹാജരാകാന്‍ നിര്‍ദേശിക്കാം. അയാള്‍ അത് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യപ്രകാരം കോടതി ഉത്തരവുകള്‍ക്ക് വിധേയമായി അറസ്റ്റുചെയ്യാം.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും നിശ്ചിതമാതൃകയിലുള്ള നോട്ടീസ് നല്‍കണം. സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. താമസസ്ഥലത്തെത്തി മാത്രമേ ചോദ്യംചെയ്യുകയോ വിവരങ്ങള്‍ ആരായുകയോ ചെയ്യാവൂ. വനിതാ പൊലീസിന്‍റെയും സ്ത്രീയുടെ മറ്റു കുടുംബാംഗങ്ങളുടെയും സാന്നിധ്യം വേണം. 65 വയസിനുമുകളിലുള്ളവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.