Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsനറുക്കെടുപ്പില്‍ പേപ്പറുകള്‍ മടക്കിയിട്ടത് യാദൃച്ഛികം; ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

നറുക്കെടുപ്പില്‍ പേപ്പറുകള്‍ മടക്കിയിട്ടത് യാദൃച്ഛികം; ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിയുക്ത മേല്‍ശാന്തിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു. മേല്‍ശാന്തി നറുക്കെടുപ്പില്‍ പേപ്പറുകള്‍ മടക്കിയിട്ടത് യാദൃച്ഛികമെന്നും കോടതി അഭിപ്രായപ്പെട്ടു.

ശബരിമല മേല്‍ശാന്തിയെ നിയമിക്കാനുള്ള നറുക്കെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മൂവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് പി എന്‍ മഹേഷിനെയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചു. നറുക്കെടുപ്പ് സമയത്ത് ശ്രീകോവിലിന് മുന്നില്‍ തിക്കും തിരക്കും ഉണ്ടായ സാഹചര്യത്തിലാണ് വിമര്‍ശനം. നറുക്കെടുപ്പിന്റെ നടപടിക്രമങ്ങളില്‍ പങ്കാളികള്‍ അല്ലാത്തവരെ സോപാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം ഹൈക്കോടതി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടത്. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ 6.65 ലക്ഷം ടിന്‍ അരവണയാണ് കെട്ടിക്കിടക്കുന്നത്. ജനുവരി മുതല്‍ അരവണ ടിന്നുകള്‍ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഉല്‍പ്പാദിപ്പിച്ച ശേഷം രണ്ടുമാസം കഴിഞ്ഞ സാഹചര്യത്തില്‍ അരവണ വില്‍ക്കില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments