കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെ കേന്ദ്രസർക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.The High Court has toughened its stand against the central government
മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ചൂണ്ടിക്കാണിച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസിന് നല്‍കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദുരന്തം സംഭവിച്ചിട്ട് നാല് മാസം കഴിഞ്ഞുവെന്നും, എല്ലാ വിദഗ്ധ പരിശോധനയും കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും, കൂടുതല്‍ ഫണ്ട് നൽകില്ലെന്നാണ് കത്തില്‍ നിന്ന് മനസിലാക്കുന്നതെന്നും സര്‍ക്കാര്‍ മറുപടി നൽകി.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിന് ഉന്നതതല യോഗം ചേർന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മതിയായ ഫണ്ട് കേരളത്തിന് ലഭ്യമാക്കിയെന്നും കൂടുതൽ ഫണ്ട് നൽകുന്നതിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി നിലപാട് കടുപ്പിച്ചു.
ദുരന്തം നടന്നിട്ട് നാല് മാസമായി, ഇതുവരെ തീരുമാനമെടുത്തില്ലല്ലോ എന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. കേന്ദ്രം തീരുമാനമെടുക്കുന്നതിന് സമയ പരിധി നിശ്ചിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടപ്പോൾ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനോട് ഈ മാസം തന്നെ നല്ല തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകൻ മറുപടി നൽകി.