കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു.The hearing of PP Divya’s anticipatory bail application has been postponed to 24
മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ കോടതി വാദം കേള്‍ക്കുക.
കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാൽഫ്, പിഎം സജിത എന്നിവര്‍ ഹാജരായി. ജാമ്യ ഹര്‍ജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് സമയം ആവശ്യപ്പെടുകയായിരുന്നു.
അഡ്വ. കെ വിശ്വൻ പി.പി ദിവ്യക്ക് വേണ്ടി ഹാജരായി. ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്.
ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
അതിനിടെ എ ഡി എം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സി പി ഐ ഇടപെടലും കാരണമായെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
സി പി ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻ ഒ സി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകിയിട്ടുണ്ട്.