Monday, December 9, 2024
spot_imgspot_imgspot_img
HomeNewsചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടെത്?തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ രേഖകളില്ലാതെ പണം ഒഴുകുന്നു!പരസ്പര ആരോപണമുയര്‍ത്തി മുന്നണികള്‍

ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടെത്?തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ രേഖകളില്ലാതെ പണം ഒഴുകുന്നു!പരസ്പര ആരോപണമുയര്‍ത്തി മുന്നണികള്‍

തൃശൂര്‍: നാളെ ചേലക്കരയിലും വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയതോടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരസ്പര ആരോപണങ്ങളാണ് മുന്നണികള്‍ ഉന്നയിക്കുന്നത്.The fronts are accusing each other of black money flowing in connection with the by-elections

രേഖകളില്ലാതെ റവന്യൂ ഉദ്യോഗസ്ഥര്‍ കാറില്‍ നിന്നും പിടികൂടിയ പണം ചേലക്കര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എത്തിച്ച കള്ളപ്പണമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും പരസ്പരം പഴിചാരുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വള്ളത്തോള്‍ നഗറില്‍നിന്നാണ് 19.70 ലക്ഷം പിടികൂടിയത്. തിരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.

പാലക്കാട് കുളപ്പുള്ളി സ്വദേശികളില്‍നിന്ന് റവന്യു ഉദ്യോഗസ്ഥരാണു പണം പിടിച്ചെടുത്തത്. കാറില്‍ പിന്നില്‍ സൂക്ഷിച്ച ബാഗില്‍നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകളില്ലാത്തതിനാല്‍ പണം ആദായനികുതി വകുപ്പിനു കൈമാറും.

പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കും. വീടുപണിക്കു വേണ്ട ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നാണ് കാര്‍ യാത്രക്കാരനായ കൊളപ്പുള്ളി സ്വദേശി ജയന്‍ നല്‍കിയ വിശദീകരണം.

അതേ സമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കടത്തിയ കുഴല്‍പ്പണമാണ് കുളപ്പുള്ളി സ്വദേശിയായ ബിഡിജെഎസ് നേതാവ് ജയനില്‍ നിന്നും പിടികൂടിയതെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. പിടിയിലായ ജയന്‍ സിപിഎംകാരനെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും ആരോപണം ഉന്നയിച്ചു.

ചേലക്കരയില്‍ 19.7 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ച സംഭവത്തില്‍ പിടിയിലായ ജയനുമായി പാലക്കട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് കൊണ്ടുവന്ന കള്ളപണത്തിന്റെ പങ്ക് ചേലക്കരയിലും കോണ്‍ഗ്രസ് എത്തിച്ചതാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ചേലക്കരയില്‍ എല്‍ഡിഎഫ് പണമൊഴുക്കുന്നു എന്ന ആരോപണവുമായി നിലമ്ബൂര്‍ എംഎല്‍എയും ഡിഎംകെ നേതാവുമായ പി വി അന്‍വര്‍ രംഗത്തെത്തി. വോട്ടേഴ്സ് സ്ലിപ്പിനൊപ്പം പണവും കവറിലാക്കി കോളനികളില്‍ വിതരണം ചെയ്യുന്നു എന്ന ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്. ചേലക്കര അതിര്‍ത്തിയില്‍ നിന്ന് പിടിച്ചെടുത്ത 25 ലക്ഷം രൂപ ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് എന്നും അദ്ദേഹം ചോദിച്ചു.

‘ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ്. ആ നിലയിലേക്ക് ഇടതുമുന്നണി എത്തി,’ അന്‍വര്‍ ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് പരമാവധി ചെലവഴിക്കാവുന്ന തുക എന്നിരിക്കെ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചെലവഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് തിരിച്ച്‌ ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും ഈ മണ്ഡലത്തില്‍ ആരും ജയിക്കാന്‍ പോകുന്നില്ല എന്നും തങ്ങള്‍ കോടതിയില്‍ പോകും എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങളും അരങ്ങേറി.

അതേസമയം ചേലക്കര ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എമ്മും എല്‍.ഡി.എഫും കള്ളപ്പണം ഒഴുക്കുകയാണെന്ന് കാണിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞദിവസം ചേലക്കരയില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്ത പണം സി.പി.എമ്മിന്റേതാണ്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തിരഞ്ഞെടുപ്പ് സുതാര്യവും അഴിമതി രഹിതവുമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിലവില്‍ സ്‌ക്വാഡുകളുടെ എണ്ണം കുറവാണെന്നും ടി.എന്‍ പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പോളിംഗ് തീരും വരെ സ്‌ക്വാഡ് പട്രോളിംഗ് സജീവമാകേണ്ടതുണ്ട്.

ചീഫ് ഇലക്ടററല്‍ ഓഫീസര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചടപ്രകാരം പരസ്യപ്രചരണം കഴിഞ്ഞാല്‍ പുറമേ നിന്നുള്ളവര്‍ മണ്ഡലത്തില്‍ പാടില്ലെന്നുള്ള നിയമം ലംഘിച്ച് സി.പി.എമ്മിന്റേയും എല്‍.ഡി.എഫിന്റേയും നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ചിട്ടുണ്ട്.

ഇവരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. എല്‍.ഡി.എഫിന്റെ പല പ്രമുഖ നേതാക്കളും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും ചേലക്കരയില്‍ തമ്പടിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഇവര്‍ മണ്ഡലത്തില്‍ തുടരുന്നത് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും പണം വിതരണം ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ്.

അവരെ കസ്റ്റഡിയില്‍ എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments