തിരുവനന്തപുരം: പിണറായി സർക്കാരിനെ തിരിയുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരത്തിന് പിന്നാലെ ജനത്തിന് കോൺഗ്രസിനുമേൽ തോന്നിത്തുടങ്ങിയ അനുകൂല വികാരം തകർന്നടിയുന്ന സ്ഥിതിയാണ്. കോൺഗ്രസിൻ്റെ വിശ്വാസ്യത പാടേ തകരുന്ന സംഭവമായിട്ടാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് വിലയിരുത്തപ്പെടുന്നത്.
The fake identity card scandal has damaged the image of the Youth Congress
സർക്കാരിൻ്റെ നവകേരളയാത്ര ഉൾപ്പെടെ ജനങ്ങളുടെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ അകപ്പെടുന്നതും. ഇത് കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് സൂചന.
യു ഡി എഫും എൽ ഡി എഫും പ്രതിസന്ധിയിലാകുന്ന സ്ഥിതിയിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കാത്തിരിക്കുന്ന ബി ജെ പി ഇതിനിടയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്നാണ് സൂചന. സുരേഷ് ഗോപിയുടെ ജനപ്രീതിക്കൊപ്പം രണ്ടു മുന്നണികളുടെയും പ്രതിസസി ഇവർ മുതലാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. തൃശ്ശൂരിലെങ്കിലും സുരേഷ് ഗോപിയെ മുൻനിർത്തി അക്കൗണ്ട് തുറക്കാനാണ് സാധ്യത.
നവംബർ 15 ന് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വ്യാപകമായി വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ കേസില്‍ നാല് യൂത്ത് കോൺഗ്രസുകാരെ നേരത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനിടെ സംഭവത്തിലെ മുഖ്യ ആസൂത്രകൻ എം ജെ രഞ്ചു ഒളിവിലാണ്. ഇന്ന് ചോദ്യം ചെയ്യലിന് രഞ്ചു ഹാജരായിരുന്നില്ല. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ചു. ഇന്ന് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ രഞ്ജുവിന് നോട്ടീസ് നൽകിയിരുന്നു.
പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്തത്. കേസിലെ രണ്ട് പ്രധാനപ്പെട്ട പ്രതികളെ രാഹുലിന്റെ കാറില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു രാഹുലിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
തിരഞ്ഞെടുപ്പ് വ്യാജ രേഖ കേസില്‍ ഏത് ചോദ്യത്തിനും മറുപടി പറയാന്‍ തയ്യാറാണെന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിലെ രാഷ്ട്രീയ അജണ്ടയെ രാഷ്ട്രീയമായി നേരിടും. ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല്‍ ആശങ്കയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പ്രതിയായിട്ടല്ല, സാക്ഷിയായിട്ടാണ് താന്‍ എത്തിയതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
വ്യാജ തിരിച്ചറിയിൽ കാർഡ് കേസിലെ ആരോപണം തള്ളിയാണ് രാഹുൽ മൊഴി നൽകിയിരിക്കുന്നത്. വ്യാജ കാർഡ് ആരെങ്കിലും നിർമ്മിച്ചോയെന്ന് അറിയില്ലെന്നാണ് മൊഴി. പ്രതികളുമായി അടുപ്പമുണ്ട്. പ്രതികൾ വ്യാജ കാർഡുകൾ നിർമ്മിച്ചതായി അറിയില്ലെന്നും രാഹുൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായി നേരിടും. ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല.പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് ഒളിവിലാണോയെന്ന് അറിയില്ല. വിഷയത്തിൽ കെപിസിസി വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതേ സമയം യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷനെ അറിയിച്ചു. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. രാഹുലിന്റെ മൊഴിയും മറ്റ് പ്രതികളുടെ മൊഴികളും വിശദമായി പരിശോധിക്കും. അതിനുശേഷം വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പൊലീസ് നിലപാട്.
അതേസമയം വ്യാജ തിരിച്ചറിയൽ രേഖ ഹാജരാക്കിയിട്ടും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസിന് ഒന്നും ചെയ്യാനായിട്ടില്ലെന്ന് കുറ്റപ്പെടുത്തി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കുറ്റം നടന്നതായി കോൺഗ്രസ് നേതാക്കൾ സമ്മതിക്കുന്നുണ്ട്. പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രതിഭാഗവുമായി പൊലീസ് ഒത്തുകളിക്കുകയാണ്. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചു. കേസിൽ ഒത്തുതീർപ്പ് ഉണ്ടായെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക റിപ്പോർട്ടാണ് പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്.
വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ട് തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം അതിനിർണായകമാണ്.