ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന “ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്” സിനിമ ഇന്ന്‍ മുതല്‍ തീയേറ്ററുകളില്‍. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി അഭിനയിച്ചിരിക്കുന്നത്. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ചിത്രം ഇതിനോടകം മുപ്പതിലധികം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
1995 ഫെബ്രുവരി 25ന് ഇൻഡോറിലെ മലയിടുക്കിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഒൗസേഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനിയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പുനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുർ ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ.
സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമുന്ദർ സിംഗ് എത്തിയിരുന്നു.