കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാണ്ടിലായിരുന്ന സിപിഎം നേതാവ് പിപി ദിവ്യയെ ജയിലില്‍ സ്വീകരിക്കാന്‍ സിപിഎം നേതാക്കള്‍ പോയത് വലിയ വിവാദമാവുകയാണ്.The CPM leaders went to jail to receive Divya became controversial
സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് എന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള ഉള്‍പ്പെടെയാണ് ദിവ്യയെ ജയിലില്‍ സ്വീകരിക്കാന്‍ എത്തിയത്. ദിവ്യയെ നേതാക്കള്‍ക്ക് കാണുന്നതിന് വിലക്കില്ലെന്നു ഗോവിന്ദന്‍ പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥും ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനോയ് കുര്യനുമാണ് ആദ്യമെത്തിയത്. പി.വി.ഗോപിനാഥിന്റെ അമ്മാവന്റെ മകനാണ് പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി.പ്രശാന്ത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമള, എം.വി.സരള തുടങ്ങിയവരും പിന്നാലെയെത്തി.
ദിവ്യയുടെ ജാമ്യാപേക്ഷകളിൽ വാദം നടക്കുമ്പോഴും വിധി പറയുമ്പോഴും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജർ തലശ്ശേരി കോടതിയിൽ ഉണ്ടായിരുന്നു. ദിവ്യ പൊലീസിൽ കീഴടങ്ങാൻ എത്തുമ്പോഴും ഷാജർ ഒപ്പമുണ്ടായിരുന്നു. വൈകിട്ട് അഞ്ചിന് ദിവ്യ പുറത്തിറങ്ങുന്നതു വരെ ഷാജർ ജയിൽ പരിസരത്ത് കാത്തുനിന്നു.
കീഴടങ്ങിയ ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിലും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ചോദ്യം ചെയ്യാൻ എസിപി ഓഫിസിലും എത്തിച്ചപ്പോഴും ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് കെ.കെ.രത്‌നകുമാരിയും മറ്റു നേതാക്കളും എത്തിയിരുന്നു. കീഴടങ്ങിയ ദിവസം രാത്രി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ചപ്പോഴും നേതാക്കളെത്തി.
ദിവ്യയെ കാണാൻ നേതാക്കൾ പോയതിൽ തെറ്റില്ലെന്ന നിലപാടാണ് എം.വി.ഗോവിന്ദനും വ്യക്തമാക്കിയത്. ദിവ്യ പാർട്ടി കേഡറായിരുന്നു. കേഡർക്ക് പിശകുപറ്റി. അത് തിരുത്തി മുന്നോട്ടുപോകും എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതിയും മന്ത്രി ആർ.ബിന്ദുവും ദിവ്യയെ പിന്തുണച്ച് പ്രതികരണങ്ങളുമായെത്തി.
അതേസമയം പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞ എം.വി ഗോവിന്ദന്റെ ഭാര്യ പി.പി ദിവ്യയെ സ്വീകരിക്കാന്‍ പോയത് സി.പി.എമ്മിന്റെ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശാന്തന്‍ ആരുടെ ബിനാമിയെന്ന് അന്വേഷിച്ചാല്‍ നിരവധി രഹസ്യങ്ങള്‍ പുറത്തുവരും.
കൊല്ലപ്പെട്ട എ.ഡി.എമ്മിന്റെ വീട്ടില്‍ പോയി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എം എന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.പി ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്. സി.പി.എമ്മെന്ന പാര്‍ട്ടി തന്നെ തട്ടിപ്പാണ്.
പാര്‍ട്ടി നേതാവായ ഭര്‍ത്താവ് പറയുന്നത് ഇരയുടെ കുടുംബത്തിനൊപ്പമെന്ന്, വേട്ടക്കാരിയെ ജയിലില്‍ നിന്നും സ്വീകരിക്കുന്നത് പാര്‍ട്ടി നേതാവായ ഭാര്യ, ഇതാണ് കേരളത്തിലെ സി.പി.എമ്മിന്റെ മുഖം. എന്തൊരു കാപട്യമാണ് സി.പി.എം എന്ന പാര്‍ട്ടി? പ്രശാന്തന്‍ ആരുടെ ബിനാമിയാണ്? എന്തിനാണ് എം.വി ഗോവിന്ദന്റെ സഹധര്‍മ്മിണി വളരെ വിഷമത്തോടെ ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്?
കൈക്കൂലി നല്‍കിയെന്ന് പറഞ്ഞിട്ടും വ്യാജരേഖ ചമച്ചെന്നു ബോധ്യമായിട്ടും എന്തുകൊണ്ടാണ് പ്രശാന്തനെതിരെ കേസെടുക്കാത്തത്? ഒരുപാട് ദുരൂഹതകള്‍ ഉണ്ടാക്കുന്ന പങ്കാണ് പി.പി ദിവ്യയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സി.പി.എമ്മിനുള്ളത്. സി.പി.എം ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാെമാണെന്ന് വ്യക്തമായിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ സ്വീകരിക്കാന്‍ പോയിട്ടാണ് പി.പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി എടുത്തെന്ന് പറയുന്നത്.
പാര്‍ട്ടി അച്ചടക്ക നടപടി എടുത്ത് തരംതാഴ്ത്തിയ ഒരാളെ സ്വീകരിക്കാന്‍ സി.പി.എം ഉന്നത നേതാക്കള്‍ പോയത് എന്തിനാണ്? പി.പി ദിവ്യയെ സി.പി.എം ഭയപ്പെടുന്നുണ്ടോ? ആരുടേതാണ് പെട്രോള്‍ പമ്പ്? ആരുടെ ബിനാമിയാണ് പ്രശാന്തന്‍ എന്ന് അന്വേഷിച്ചാല്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കലക്ടറുടെ മൊഴിയാണ് ജാമ്യം നല്‍കാനുള്ള പ്രധാന കാരണം. മുഖ്യമന്ത്രിയെ കലക്ടര്‍ കണ്ടതിനു ശേഷമാണ് കള്ളമൊഴി പറഞ്ഞത്. നവീന്‍ ബാബു അഴിമതിക്കാരനാണോയെന്ന് സംശയം ഉണ്ടാക്കുന്നതാണ് കലക്ടറുടെ മൊഴി. ആദ്യം വ്യാജരേഖ ചമച്ചത് എ.കെ.ജി സെന്ററിലാണ്. എന്നിട്ടും വ്യാജ പരാതി കൊടുത്ത പ്രശാന്തനെതിരെ അന്വേഷണമോ കേസോ ഇല്ല.
പ്രശാന്തന്‍ പ്രധാനപ്പെട്ട ചിലരുടെ ബിനാമിയാണ്. അതുകൊണ്ട് തൊടാന്‍ പറ്റില്ല. ദിവ്യ ഒന്നും പുറത്തു പറയാതിരിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി സെക്രട്ടറിയുടെ സഹധര്‍മ്മിണി നേരിട്ടെത്തി സ്വീകരിച്ചത്. പെട്രോള്‍ പമ്പ് പ്രശാന്തന്റെ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അയാളുടെ പുറകില്‍ ഉന്നതരായ സി.പി.എം നേതാക്കളുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം ദിവ്യയെ സ്ഥാനങ്ങളില്‍ നിന്നും നീക്കിയ പാര്‍ട്ടി നടപടിയില്‍ ദിവ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്‍റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്നും പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.
ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി.
ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ നേതാക്കളെ ഇന്നലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയുള്ള പ്രചാരണങ്ങള്‍ തള്ളികൊണ്ടാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.
പാർട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്ന് ദിവ്യ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു. സമാന ആക്ഷേപങ്ങൾ വന്നപ്പോൾ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ല.
20 വർഷം പ്രവർത്തിച്ച പാർട്ടി തന്നെ വഞ്ചിച്ചെന്നും പി പി ദിവ്യ പറഞ്ഞു. പാർട്ടിയിൽ തനിക്ക് ഗോഡ് ഫാദറില്ല. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലെന്നും ദിവ്യ പ്രതികരിച്ചു.
ഇനി നേതാവാകാനില്ലെന്നും പാർട്ടിയിൽ വിശ്വാസമില്ലെന്നും പിപി ദിവ്യ വ്യക്തമാക്കി. പാർട്ടി നടപടി തന്നെ അപമാനിക്കുന്നതാണെന്നും, സിപിഎം തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞുവെന്നും ദിവ്യ ഇനി സാധാരണ പ്രവർത്തകയായി തുടരുമെന്നും പിപി ദിവ്യ പറഞ്ഞിരുന്നു.
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയുള്ള പാർട്ടി നടപടി.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം ഉയരുമെന്നത് കൂടി കണക്കിലെടുത്താണ് ഏറെ വൈകിയ ശേഷം നടപടി വരുന്നത്. പിപി ദിവ്യയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി.
പാർട്ടി ആവശ്യമായ നടപടി എടുത്തു കഴിഞ്ഞു എന്നായിരുന്നു നേരത്തെ സംസ്ഥാന നേതൃത്വമടക്കം നിലപാടെടുത്തിരുന്നത്. അവരെ പാർലമെന്ററി പദവികളിൽ നിന്ന് നീക്കിയത് നടപടിയാണെന്ന് നേതാക്കൾ വിശദീകരിച്ചു. എന്നാൽ പാർട്ടി തലത്തിൽ ദിവ്യക്കെതിരെ നടപടിയൊന്നും വരാഞ്ഞത് ചർച്ചയായി മാറിയിരുന്നു. പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദം കൂടിയായതോടെ ദിവ്യയെ തരംതാഴ്ത്തി നടപടിയുണ്ടായി.